അഞ്ച് വർഷമായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന പോക്സോ കേസ് പ്രതിയെ ഇരിങ്ങാലക്കുട റൂറൽ പോലീസ് സംഘം ചെന്നൈയിൽ നിന്നും പിടികൂടി.
ഇരിങ്ങാലക്കുട : 2019 ൽ അവിട്ടത്തൂർ ഉള്ള വാടക വീട്ടിൽ വെച്ച് ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള 16 വയസുള്ള പെൺകുട്ടിയെ പലതവണ ലൈംഗികമായി ഉപദ്രവിച്ചതിന് ചെന്നൈ കോടമ്പക്കം ഭരതീശ്വർ കോളനി സ്വദേശി രാജ്കുമാർ (41 വയസ് ) എന്നയാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിനായി കോടതി ജാമ്യത്തിൽ വിട്ടയച്ചതിനെ തുടർന്ന് രാജ്കുമാർ ഒളിവിൽ പോവുകയായിരുന്നു. ചെന്നൈയിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള സെമെഞ്ചേരി എന്ന സ്ഥലത്ത് തമിഴ്നാട് ഗവണ്മെന്റ് സുനാമി പുനരധിവാസത്തിനായി പണി കഴിപ്പിച്ച മൂന്ന് നിലകളിലായി ഒരേ രൂപത്തിലുള്ള 5000 വിടുകൾക്കിടയിലുള്ള ഒരു വീട്ടിലെ ഒരു മുറിയിൽ വാടകയ്ക്കു താമസിച്ചു വരവെയാണ് രാജ് കുമാറിനെ അറസ്റ്റ് ചെയ്തത്. ആളൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷാജിമോൻ.ബി, എസ്.ഐ ജെയ്സൺ.ടി.എ, സി.പി.ഒ മാരായ ഡാനിയേൽ സാനി, ഹരികൃഷ്ണൻ, ആഷിക്ക് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.















