കാട്ടൂർ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിൽ മോഷണം; ഒന്നേകാൽ ലക്ഷം രൂപ വില മതിക്കുന്ന സ്വർണ്ണമാലയും പതിനായിരത്തോളം രൂപയും മോഷ്ടാക്കൾ കവർന്നു.
ഇരിങ്ങാലക്കുട : കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള കാട്ടൂർ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിൽ മോഷണം. ഓഫീസിൽ മുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാലയും പണവും മോഷ്ടാക്കൾ കവർന്നു. പുലർച്ചെ നാലരയോടെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് ഓഫീസ് മുറി തുറന്ന് നിലയിൽ കണ്ടത്. ഉടനെ ക്ഷേത്രം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഓഫീസ് മുറി കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ അലമാരയും തകർത്ത് ക്ഷേത്രത്തിലെ വിശേഷാൽ ദിവസങ്ങളിൽ ചാർത്താനായി ഉപയോഗിച്ചിരുന്ന ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന നെക്ക്ലസ് മാലയും ഓഫീസിൽ സൂക്ഷിച്ചിരുന്ന 9000 രൂപയും കവർന്നു. 5000 ത്തോളം രൂപ ഉണ്ടായിരുന്ന ഭണ്ഡാരകുടവും നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 7000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിന് ശേഷം ക്ഷേത്രത്തിൽ സ്ഥാപിച്ച സിസി ക്യാമറകളുടെ ഡിവിആറും മോഷ്ടാക്കൾ കവർന്നിട്ടുണ്ട്. കാട്ടൂർ സി ഐ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തിയിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ രവീന്ദ്രൻ, ദേവസ്വത്തിലെ റവന്യൂ ഇൻസ്പെക്ടർ കെ വി വിനീത , ചീഫ് വിജിലൻസ് ഓഫീസർ, അസി. വിജിലൻസ് ഓഫീസർ അനിരുദ്ധൻ , ദേവസ്വം ഓഫീസർ പി സി വിഷ്ണു എന്നിവരും ക്ഷേത്രത്തിൽ എത്തിയിരുന്നു