നിരന്തരവിമർശനങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റായി; ഉദ്ഘാടനം താലൂക്ക് വികസനസമിതിയിൽ എയ്ഡ് പോസ്റ്റിനായി ശബ്ദം ഉയർത്തിയവരെയും മാധ്യമങ്ങളെയും അറിയിക്കാതെ

നിരന്തര വിമർശനങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റായി; ഉദ്ഘാടനം വികസന സമിതിയിൽ എയ്ഡ് പോസ്റ്റിനായി ശബ്ദം ഉയർത്തിയവരെയും മാധ്യമങ്ങളെയും അറിയിക്കാതെ

ഇരിങ്ങാലക്കുട : ഒടുവിൽ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റായി. ബസ് സ്റ്റാൻ്റിലെ അവസ്ഥകൾ ചൂണ്ടിക്കാട്ടി മുകുന്ദപുരം താലൂക്ക് വികസന സമിതിയിൽ മാസങ്ങൾക്ക് മുമ്പ് തന്നെ കേന്ദ്രമന്ത്രിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട ഇക്കാര്യം ഉന്നയിച്ചിരുന്നു. ” ഇപ്പോ ശരിയാക്കാം” എന്ന മറുപടിയിൽ മാസങ്ങളും പിന്നിട്ടു. വൈകുന്നേരങ്ങളിൽ ബസ് സ്റ്റാൻഡ് സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷഭൂമി ആയി മാറുകയും പോലീസിൻ്റെ അസാന്നിധ്യത്തെ ചൊല്ലി വിമർശനങ്ങൾ ഉയരുകയും എയ്ഡ് പോസ്റ്റ് അടിയന്തരമായി സ്ഥാപിക്കണമെന്ന് കഴിഞ്ഞ താലൂക്ക് വികസന സമിതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് നഗരസഭ അധികൃതർ അനങ്ങിയത്. അനുയോജ്യമായ സ്ഥലം ചൂണ്ടിക്കാട്ടാൻ പോലീസ് വൈകിയത് കൊണ്ടാണ് എയ്ഡ് പോസ്റ്റ് വൈകുന്നതെന്നും രണ്ടാഴ്ചക്കുള്ളിൽ സ്ഥാപിക്കുമെന്നും ചെയർപേഴ്സൺ തുടർന്ന് ഉറപ്പും നൽകി. വികസന സമിതിയിൽ ഇതിനായി ശബ്ദം ഉയർത്തിയവരെയും മാധ്യമങ്ങളെയും അറിയിക്കാതെ പതിവ് സന്നാഹങ്ങളുമായി നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉദ്ഘാടന വിവരം അറിഞ്ഞിട്ടില്ലെന്നാണ് സൂചന.

Please follow and like us: