ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ഇറിഡിയം തട്ടിപ്പ്; ആലപ്പുഴ സ്വദേശിനികളുടെ ഒന്നരക്കോടി രൂപയോളം നഷ്ടപ്പെട്ടതായി പരാതി; കേസ്സെടുത്ത് പോലീസ്
ഇരിങ്ങാലക്കുട : ആലപ്പുഴ സ്വദേശിനികളായ സ്ത്രീകൾ ഇറിഡിയം തട്ടിപ്പിന് ഇരയായതായി പരാതി. നൂറിൽ അധികം പേരിൽ നിന്നും 2022 മുതൽ ഉള്ള വർഷങ്ങളിലായി ഒന്നരക്കോടിയോളം രൂപ ഇരിങ്ങാലക്കുട സ്വദേശികളായ റോഷൻ, സുഷി , അമ്മിണി, തുടങ്ങി എഴ് പേർ ചേർന്ന് തട്ടിയെടുത്തതായി കാണിച്ച് ഇവർ ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകി. വാടാനപ്പിള്ളിയിൽ ഉള്ള നല്ലച്ഛൻ കാവ് ക്ഷേത്രത്തിലെ താഴികക്കുടത്തിൽ ഇറിഡിയം ഉണ്ടെന്നും ഇത് അമേരിക്കൻ ഗവൺമെൻ്റിന് വിറ്റതാണെന്നും വില്പന തുകയായ 47.5 ലക്ഷം കോടി ഡോളർ ആർബിഐ യിൽ ഉണ്ടെന്നും പണം ലഭിക്കാൻ 10000 രൂപ തന്നാൽ ഒരു കോടിയായി തിരിച്ച് നൽകുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പെന്ന് ചേർത്തല വയലാർ കൊട്ടാരത്തിൽ വീട്ടിൽ ജിഷമോൾ (51 ) , തട്ടിപ്പിന് ഇരയായ മറ്റ് സ്ത്രീകൾ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ പരിചയത്തിലുള്ള ഒത്തിരി പേരിൽ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. തൊഴിലുറപ്പ് പണിയിലൂടെയും ലോൺ എടുത്തും നൽകിയ പണമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും ഇവർ പറഞ്ഞു. ബിജെപി കൗൺസിലർ ടി കെ ഷാജുവും പരാതിക്കാരോടെപ്പം ഉണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തതായി പോലീസ് അറിയിച്ചു