ഒന്നര വർഷം മുൻപ് ആളൂരിൽ നിന്നും കാണാതായ യുവതിയെ ഒഡീഷയിൽ നിന്ന് കണ്ടെത്തി തൃശ്ശൂർ റൂറൽ പോലീസ്
ഇരിങ്ങാലക്കുട :കൊമ്പിടി സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് മഠത്തിൽ ജോലിക്ക് നിന്നിരുന്ന ഒഡീഷ സ്വദേശിനിയായ ദുസ്മിന ഗുമിതിയംഗത്തിനെ (24 വയസ്സ് ) ഒഡിഷ റായ്ഘാട ജില്ലയിലെ ചന്ദ്രപ്പൂരിൽ നിന്നും തൃശ്ശൂർ റൂറൽ പോലീസ് സംഘം കണ്ടെത്തി. ദുസ്മിനയെ കാണാനില്ലെന്ന് കാണിച്ച് മദർസൂപ്പീരിയർ പുഷ്പം ( 73 വയസ്സ്)പരാതി നൽകിയിരുന്നു. 2023 ഡിസംബർ 23 നാണ് ഇവരെ കാണാതായത്.ആദ്യ ഘട്ടത്തിൽ യുവതി പോകാൻ സാധ്യതയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാന്റുകളിലും വിവിധ ആരാധാനാലങ്ങളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും കിട്ടിയിരുന്നില്ല. തുടർന്ന് ദുസ്മിനയെ കണ്ടെത്തുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
2025 ആഗസ്റ്റ് 14 ന് ഒഡിഷയിൽ എത്തിയ തൃശ്ശൂർ റൂറൽ പോലീസ് സംഘം ഒഡീഷ ചന്ദ്രപ്പൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ സഹായത്തോടുകുടി ദുസ്മിന എന്ന സ്ത്രീയെ ഒഡിഷയിലെ ചന്ദ്രപ്പൂർ എന്ന സ്ഥലത്ത് താമസിച്ച് വരുന്നതായി കണ്ടെത്തുകയും തുടർന്ന് അവിടെ നിന്ന് ആളൂർ പോലീസ് സ്റ്റേഷനിലേക്ക് ആഗസ്റ്റ് 19 ന് ഉച്ചക്ക് ആളൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
ദുസ്മിന കേരളത്തിൽ ഉള്ള സഹോദരൻ വഴിയാണ് അടുക്കള ജോലിക്കായി കൊമ്പിടി സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് മഠത്തിൽ എത്തിയത്. മഠത്തിൽ ജോലി ചെയ്ത് വരവെ ദുസ്മിനയുടെ സഹോദരിയുടെ വിവാഹം ആണെന്നുള്ള കാര്യം നാട്ടിൽ നിന്ന് അറിയിച്ചിരുന്നു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽ പോകാൻ ലീവ് ചോദിച്ചെങ്കിലും ജോലിക്ക് കയറിയിട്ട് മൂന്ന് മാസം മാത്രമായതിനാൽ ലീവ് നൽകിയില്ല. ഈ വിവരം ദുസ്മിന കാമുകനായ ഒഡിഷയിലുള്ള മിഖായേൽ എന്നയാളെ അറിയിക്കുകയും ഡിസംബർ 20 ന് മഠത്തിലാരോടും പറയാതെ ദുസ്മിന സാധങ്ങളുമായി തൃശ്ശൂരിലേക്ക് ചെന്ന് മിഖായേൽ ഒന്നിച്ച് ഒഡിഷയിലേക്കു പോവുകയായിരുന്നു. അവിടെ എത്തിയപ്പോഴേക്കും സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നു. ദുസ്മിനയും മിഖായേലും തമ്മിലുള്ള പ്രണയം ഇരുവരുടെയും വീട്ടിലറിഞ്ഞതിനാൽ വീട്ടുകാർ വിവാഹം നടത്തി കൊടുക്കുകയായിരുന്നു. തുടർന്ന് ഭർത്താവിന്റെ വീട്ടിൽ താമസിച്ചു വരവെയാണ് തൃശ്ശൂർ റൂറൽ പോലീസ് അന്വേഷിച്ച് ചെല്ലുന്നത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ആളൂർ പോലീസ് സ്റ്റേഷൻ എസ്.ഐ ജോർജ്ജ്.പി.കെ, ജി.എസ്.ഐ. ജെയ്മൺ, എ.എസ്.ഐ മിനിമോൾ, സി.പി.ഒ ആഷിക് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.