ഭരണഘടനയെ തമസ്കരിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ; ക്രൈസ്തവ സമൂഹത്തിൻ്റെ സംഭാവനകളെ തമസ്കരിക്കാനും ശ്രമമെന്ന് വിമർശനം.
ഇരിങ്ങാലക്കുട : നാനാത്വത്തെയും ബഹുസ്വരതയെയും അംഗീകരിക്കുന്ന ഭരണഘടനയെ തമസ്കരിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ . നാനാത്വത്തിൽ ഏകത്വം കണ്ടെത്തി ഭാരത സംസ്കാരത്തെ കൊണ്ട് നടക്കേണ്ടവർ തന്നെ ഇതിനായി ശ്രമിക്കുകയാണെന്നും ബിഷപ്പ് കുറ്റപ്പെടുത്തി. ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം രൂപതാ ഭവനത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഭരണഘടന ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞാൽ ഭൂരിപക്ഷ വർഗ്ഗീയതയോ ന്യൂനപക്ഷ വർഗ്ഗീയതയോ ഉണ്ടാകില്ല. മതപരിവർത്തന ബില്ലിൻ്റെ മറവിൽ ക്രൈസ്തവരെ അക്രമിക്കുന്ന സംഭവങ്ങളും വർധിച്ച് വരികയാണ്. ക്രൈസ്തവ സംഭാവനകൾ തമസ്കരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ആർട്ടിക്കിൾ 25 അനുശാസിക്കുന്ന അവകാശങ്ങൾ നിഷേധിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് കൊണ്ട് ആഗസ്റ്റ് 17 ജസ്റ്റീസ് ഞായർ ആയി ആചരിക്കുമെന്നും ബിഷപ്പ് അറിയിച്ചു. രൂപത വികാരി ജനറൽ ഫാ ജോളി വടക്കൻ, ഫാ ലാസ്സർ കുറ്റിക്കാടൻ, സെക്രട്ടറി ഡേവിസ് ഊക്കൻ, ആനി ആൻ്റു തുടങ്ങിയവർ സംസാരിച്ചു. ഭരണഘടനയും ന്യൂനപക്ഷാവകാശങ്ങളും എന്ന വിഷയത്തിൽ അഡ്വ ആൻലിൻ ഫ്രാൻസിസ് ക്ലാസ്സെടുത്തു.