പുതിയ സ്റ്റോപ്പുകൾ സംബന്ധിച്ച സതേൺ റെയിൽവേയുടെ ഉത്തരവ്; ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പട്ടികയിൽ നിന്നും പുറത്ത്; എംപി യുടെ വാക്കുകൾ പാഴായെന്നും കഴിവുകേടെന്നും വിമർശനം.
തൃശ്ശൂർ : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിറുത്തലാക്കിയടക്കമുള്ള സ്റ്റോപ്പുകൾ പുനസ്ഥാപിക്കുമെന്ന കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയുടെ വാക്കുകൾ പാഴായി. അറുപതോളം ട്രെയിനുകളുടെ പുതിയ സ്റ്റോപ്പുകൾ സംബന്ധിച്ച് സതേ റെയിൽവേ 2025 ആഗസ്റ്റ് 12 ന് പുറത്തിറക്കിയ ഉത്തരവിൽ ഇരിങ്ങാലക്കുട ഇടം പിടിച്ചില്ല. ഈ വർഷം മെയ് 31 നാണ് കേന്ദ്രമന്ത്രി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചത്. റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടായിരുന്നു.രണ്ട് മണിക്കൂറോളം സമയം സ്റ്റേഷനിൽ ചിലവഴിച്ച മന്ത്രി അമൃത് പദ്ധതിയിൽ സ്റ്റേഷനിൽ ഉൾപ്പെടുത്തുന്നതും സ്റ്റോപ്പുകൾ പുനസ്ഥാപിക്കുന്നതും സജീവ പരിഗണനയിലാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാലരുവി, എറനാട്, മലബാർ തുടങ്ങിയ ട്രെയിനുകളുടെ കാര്യമാണ് ചർച്ചകളിൽ ഉയർന്ന് വന്നിരുന്നത്. നഷ്ടപ്പെട്ട അഞ്ച് ട്രെയിനുകളുടെ സ്റ്റോപ്പുകളിൽ ഒരെണ്ണം പോലും പുനസ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നത് എംപി യുടെ കഴിവുകേടായിട്ടാണ് കാണുന്നതെന്ന് റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഷാജു ജോസഫ് പ്രതികരിച്ചു. റെയിൽവേ സ്റ്റേഷൻ്റെ സമഗ്രമായ വികസനം ആവശ്യപ്പെട്ട് അസോസിയേഷൻ അടക്കമുള്ള സംഘടനകൾ ദീർഘകാലം സമരത്തിലായിരുന്നു. ചാലക്കുടി സ്റ്റേഷനെ വളർത്തുകയും ഇരിങ്ങാലക്കുട സ്റ്റേഷനെ ഇല്ലാതാക്കാനുമുള്ള ഗൂഢാലോചനയാണ് റെയിൽവേ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും അസോസിയേഷൻ വിമർശിക്കുന്നുണ്ട്.