കർഷക ജ്യോതി പുരസ്കാരം വെള്ളാങ്ങല്ലൂർ സ്വദേശി മിഥുൻ നടുവത്രയ്ക്ക്

രുചി പ്രണയത്തിൽ നിന്ന് വിളവിന്റെ ലോകത്തേക്ക്;കർഷക ജ്യോതി പുരസ്കാരം വെള്ളാങ്ങല്ലൂർ സ്വദേശി മിഥുൻ നടുവത്രയ്ക്ക്

തൃശ്ശൂർ : ഭക്ഷണപ്രിയത്താൽ തുടങ്ങിയ കാർഷിക പ്രണയമാണ് വെള്ളാങ്ങല്ലൂർ സ്വദേശിയായ മിഥുൻ എൻ.എസ്.നെ

ഒരു മാതൃകാ കർഷകനാക്കിയത്. കാർഷിക വികസന, കർഷകക്ഷേമ വകുപ്പിന്റെ 2024–25 വർഷത്തെ ‘കർഷക ജ്യോതി’ പുരസ്കാരം മിഥുനെ തേടിയെത്തിയിരിക്കുന്നു. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം.

പാചകക്കാരനും കാറ്ററിംഗ് നടത്തിപ്പുകാരനുമായിരുന്ന മിഥുൻ കൊറോണ കാലഘട്ടം മുതലാണ് കൃഷിയിൽ സജീവമായത്. സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കുന്ന പച്ചക്കറികൾ ഉപയോഗിച്ച് ഗുണമേന്മയുള്ള ഭക്ഷണം കൊടുക്കാൻ സാധിക്കുമെന്ന തോന്നലാണ് ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങാൻ മിഥുന് പ്രചോദനമായത്.

ജില്ലയിലെ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ നടുവത്ര വീട്ടിൽ താമസിക്കുന്ന മിഥുൻ, ഭൂമി പാട്ടത്തിനെടുത്ത് നെല്ല്, വാഴ, തണ്ണിമത്തൻ, പച്ചക്കറികൾ, കിഴങ്ങുവിളകൾ, ചെറുധാന്യങ്ങൾ തുടങ്ങി വിവിധ വിളകൾ കൃഷി ചെയ്യുന്നു. വിളകളോടൊപ്പം പശു, മത്സ്യം, ആട്, തേനീച്ച, കോഴി എന്നിവയും വളർത്തുന്നുണ്ട്.

എല്ലാ വിളകൾക്കും സ്വയം വിപണനം നടത്താൻ മിഥുന് സാധിച്ചു എന്നതും എടുത്തു പറയേണ്ട ഒന്നാണ്. സംസ്ഥാന സർക്കാരിന്റെയും വെള്ളാങ്ങല്ലൂർ കൃഷിഭവന്റെയും പിന്തുണയോട് കൂടിയാണ് കൃഷിയിൽ മുന്നോട്ട് പോകുന്നത്.കൃഷിയോട് പുലർത്തിയ സമഗ്ര സമീപനവും പരിശ്രമവും സംസ്ഥാന സർക്കാർ അംഗീകരിച്ചു എന്നതിനുള്ള തെളിവാണ് ഈ പുരസ്കാരം.

Please follow and like us: