ഐടിയു ബാങ്കുമായി ബന്ധപ്പെട്ട പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബിജെപി അംഗങ്ങളുടെ പ്രതിഷേധം

ഐടിയു ബാങ്കുമായി ബന്ധപ്പെട്ട പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബിജെപി അംഗങ്ങളുടെ പ്രതിഷേധം; പ്രമേയം കൗൺസിലിൻ്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ചെയർപേഴ്സൺ; പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമെന്നും ചെയർപേഴ്സൺ ഒഴിഞ്ഞ് മാറരുതെന്നും എൽഡിഎഫ്; പട്ടണം സാമ്പത്തിക അടിയന്തരാവസ്ഥയുടെ വക്കിലെന്ന് ബിജെപി

ഇരിങ്ങാലക്കുട : ഐടിയു ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ നഗരസഭ യോഗത്തിൽ ബിജെപി അംഗങ്ങളുടെ പ്രതിഷേധം. തങ്ങൾ നേരത്തെ നൽകിയ പ്രമേയം നിശ്ചിത അജണ്ടകൾക്ക് മുമ്പായി വായിക്കണമെന്ന് ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും അജണ്ടകൾക്ക് ശേഷം ചർച്ച ചെയ്യാമെന്ന് ചെയർപേഴ്സൺ വ്യക്തമാക്കുകയായിരുന്നു. ഇതോടെ കരുവന്നൂർ ബാങ്ക് കൊള്ളയും ഐടിയു ബാങ്ക് കൊള്ളയും പരാമർശിക്കുന്ന പ്ലാക്കാർഡുകളുമായി ബിജെപി അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങി. ഇരിങ്ങാലക്കുട പട്ടണത്തെയും സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്ന വിഷയമാണെന്നും വിഷയം ചർച്ച ചെയ്യണമെന്നും ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ പ്രമേയം എഴ് ദിവസം മുമ്പ് നൽകണമെന്ന് വിശദമാക്കുന്ന മുനിസിപ്പൽ ആക്ട് വായിച്ച് കൊണ്ട് ചെയർപേഴ്സൺ പ്രമേയം കഴിഞ്ഞ ദിവസമാണ് ലഭിച്ചതെന്ന് സൂചിപ്പിച്ചു. കരുവന്നൂർ ബാങ്ക് വിഷയം ചർച്ച ചെയ്തപ്പോൾ എവിടെ ആയിരുന്നു ആക്ട് എന്ന് ചോദിച്ച് സിപിഐ അംഗം മാർട്ടിൻ ആലേങ്ങാടനും ബിജെപി അംഗങ്ങൾക്ക് പിന്തുണയുമായി എഴുന്നേറ്റു.ബഹളങ്ങൾക്കിടയിൽ അധികം ചർച്ച കൂടാതെ അജണ്ടകൾ പാസ്സാക്കി. ഷീ ലോഡ്ജ് നഗരസഭ നേരിട്ട് നടത്തണമെന്ന ആവശ്യം ചർച്ചകൾക്കിടയിൽ എൽഡിഎഫ് അംഗം അഡ്വ കെ ആർ വിജയ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം തങ്ങളുടെ വാർഡുകളിൽ നടത്തിയ റോഡ് ടാറിംഗ് പ്രവൃത്തികൾ ഒലിച്ച് പോയ അവസ്ഥയിലാണെന്ന് ഭരണ- പ്രതിപക്ഷ അംഗങ്ങളായ അൽഫോൺസ തോമസ്, കെ ആർ ലേഖ, ഒ എസ് അവിനാശ് എന്നിവർ യോഗത്തിൽ ചൂണ്ടിക്കാട്ടി. നിശ്ചിത അജണ്ടകൾക്ക് ശേഷം കൗൺസിലിൻ്റെ അധികാരപരിധിയിൽ വരുന്ന വിഷയമല്ല ബിജെപി കൊണ്ട് വന്നിരിക്കുന്ന പ്രമേയമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ചെയർ പേഴ്സൺ വിശദീകരിച്ചു. എന്നാൽ പൊതുജനങ്ങളെ ബാധിക്കുന്നതും പൊതുകാര്യ പ്രസക്തവുമായ വിഷയമാണ് ബിജെപി അവതരിപ്പിച്ചിട്ടുള്ളതെന്നും ചെയർപേഴ്സൺ ഒഴിഞ്ഞ് മാറരുതെന്നും ഐടിയു ബാങ്ക് കൊള്ളയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സമരം നടത്തിവരികയാണെന്നും അഡ്വ കെ ആർ വിജയ പറഞ്ഞു. ഇരിങ്ങാലക്കുട മാർക്കറ്റിലെ സ്ഥാപനങ്ങൾ, കുറിക്കമ്പനികൾ, അമ്പലങ്ങൾ, ദേവാലയങ്ങൾ എന്നിവയുടെ എല്ലാം നിക്ഷേപങ്ങൾ ഐടിയു ബാങ്കിലാണെന്നും സാമ്പത്തിക അടിയന്തരാവസ്ഥയുടെ വക്കിലാണ് പട്ടണമെന്നും ബിജെപി അംഗം ടി കെ ഷാജുട്ടൻ ആവർത്തിച്ചു. ബഹളങ്ങൾക്കിടയിൽ യോഗം അവസാനിച്ചതായി അധ്യക്ഷത വഹിച്ച ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പ്രഖ്യാപിച്ചു. തുടർന്ന് ചെയർപേഴ്സൺ നീതി പാലിക്കണമെന്ന മുദ്രാവാക്യം ഉയർത്തി ബിജെപി അംഗങ്ങളും ഹാളിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ഐടിയു ബാങ്കിൽ ആർബിഐ നിയന്ത്രണങ്ങൾ വന്നതിൻ്റെ ഒരാഴ്ച മുമ്പ് ബാങ്കുമായി ബന്ധപ്പെട്ട ചിലർ പണം പിൻവലിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ മാധ്യമങ്ങൾക്ക് മുമ്പാകെ ആവശ്യപ്പെട്ടു.

Please follow and like us: