മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ എൽഡിഎഫിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ്; വിഷയത്തിൽ തൃശ്ശൂർ എംപി യും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പാലിച്ച മൗനം ക്രൈസ്തവ സമൂഹം തിരിച്ചറിയണമെന്ന് ആർജെഡി സംസ്ഥാന സെക്രട്ടറി യൂജിൻ മൊറോലി
ഇരിങ്ങാലക്കുട :ലൂർദ് മാതാവിൻ്റെ മുന്നിലും കൊരട്ടി മുത്തിയുടെ മുന്നിലും തിരഞ്ഞെടുപ്പ് വേളയിൽ പ്രത്യക്ഷപ്പെട്ട തൃശ്ശൂർ എംപി യും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മലയാളി കന്യാസ്ത്രീകളെ അന്യായമായി ബിജെപി സർക്കാർ അറസ്റ്റ് ചെയ്ത വിഷയത്തിൽ പാലിച്ച മൗനം ക്രൈസ്തവ സമൂഹം തിരിച്ചറിയണമെന്ന് ആർജെഡി സംസ്ഥാന സെക്രട്ടറി യൂജിൻ മൊറോലി. ചത്തീസ്ഗഡ് സംഭവത്തിൽ എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ക്രൈസ്തവർക്ക് എതിരായി രാജ്യത്ത് കഴിഞ്ഞ വർഷങ്ങളായി അരങ്ങേറുന്ന അക്രമണങ്ങളിൽ ഒന്ന് മാത്രമാണ് ചത്തീസ്ഗഡിലേത്. വിഷയത്തിൽ ബിജെപി സർക്കാരിനെ പ്രശംസിച്ച ബിഷപ്പ് പാംപ്ലാനിയെ തള്ളിപ്പറഞ്ഞ് കൊണ്ട് ഇരിങ്ങാലക്കുട രൂപതയും ബിഷപ്പ് മാർ പോളി കണ്ണൂക്കാടനും എടുത്ത നിലപാട് സ്വാഗതാർഹമാണ്. വേട്ടക്കാർ തന്നെ രക്ഷകൻ്റെ വേഷം അണിയുകയാണെന്ന് പൊതു സമൂഹം തിരിച്ചറിയണം.കോൺഗ്രസ്സ് സർക്കാറാണ് ചത്തീസ്ഗഡ് ഉൾപ്പെട്ടിരുന്ന മധ്യപ്രദേശിൽ മതപരിവർത്തന നിരോധന നിയമം കൊണ്ട് വന്നത്. ഇതിലെ പഴുതുകൾ ഉപയോഗിച്ചാണ് ബിജെപി സർക്കാർ പുരോഹിതരെയും കന്യാസ്ത്രീകളെയും പീഡിപ്പിക്കുന്നത്. വിഷയത്തിൽ കോൺഗ്രസ്സ് എടുക്കുന്ന നിലപാടിൽ സംശയമുണ്ട്. കന്യാസ്ത്രീകളെ സന്ദർശിക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തയ്യാറായിട്ടില്ലെന്ന് ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി. സി പി ഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് അധ്യക്ഷനായി. സി പി ഐ എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, സി പി ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ടി കെ സുധീഷ്, പ്രൊഫ. കെ യു അരുണൻ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡൻ്റ് ടി കെ വർഗീസ്, ജെഡിഎസ് മണ്ഡലം പ്രസിഡൻ്റ് രാജു പാലത്തിങ്കൽ, ആർ ജെ ഡി മണ്ഡലം പ്രസിഡൻ്റ് എ ടി വർഗീസ് സി പി ഐ എം ജില്ലക്കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, സിപിഐഎം ഏരിയ കമ്മിറ്റി അംഗം ജയൻ അരിമ്പ്ര എന്നിവർ പ്രസംഗിച്ചു.