ഇരിങ്ങാലക്കുട ബസ്സ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്ക് നോട്ടീസ്; പ്രായപൂർത്തി ആകാത്ത ആറ് കുട്ടികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ഉള്ള നടപടി
ഇരിങ്ങാലക്കുട : പ്രൈവറ്റ് ബസ് സ്റ്റാൻഡിൻ്റെ അടുത്തുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിനടുത്ത് വെച്ച് മാപ്രാണം സ്വദേശിയായ പ്രായപൂർത്തി ആകാത്ത കുട്ടിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മോഡൽ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ കല്ലേറ്റുകര സ്വദേശിയായ സുട്ടു എന്ന് വിളിക്കുന്ന ആദിത്യൻ (18 വയസ് )നാണ് നോട്ടീസ് നൽകിയത്. കേസിലെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പ്രായപൂർത്തി ആകാത്ത ആറ് കുട്ടികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ഉള്ള നടപടികൾ സ്വീകരിക്കും. സ്കൂളിലെ ജൂനിയർ വിദ്യാർഥി മുടി നീട്ടി വളർത്തിയതിനെ ചൊല്ലി സ്കൂളിലെ സീനിയർ വിദ്യാർത്ഥികളുമായി തർക്കം നടന്നിരുന്നു. പരാതിക്കാരൻ മുടി നീട്ടി വളർത്തിയ കുട്ടിയോടൊപ്പം നിന്നതിനെ തുടർന്നുള്ള വൈരാഗ്യത്താലാണ് പരാതിക്കാരനായ കുട്ടിയെ വിദ്യാർത്ഥികൾ സംഘം ചേർന്ന് ആക്രമിച്ചത്.
ഇരിങ്ങാലക്കുട പോലീസ് ഇൻസ്പെക്ടർ ഷാജൻ എം എസ്, സബ്ബ് ഇൻസ്പെക്ടർമാരായ കൃഷ്ണ പ്രസാദ് എം ആർ, സഹദ് എൻ കെ, എ.എസ്.ഐ ഷാബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.