ഐടിയു ബാങ്കിൽ നടന്നത് ഗുരുതമായ കൃത്യവിലോപമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; വ്യക്തികേന്ദ്രീകൃതമായ ശൈലിയാണ് ബാങ്കിൽ സ്വീകരിച്ച് വന്നിട്ടുള്ളതെന്നും വീട്ടിലെ ഒരു സ്ഥാപനം എന്ന നിലയിൽ പൊതുസ്ഥാപനത്തെ കൈകാര്യം ചെയ്യുന്നത് നീതിയുക്തമല്ലെന്നും വിമർശനം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ സംഭവിച്ചിട്ടുള്ളത് ഗുരുതരമായ കൃത്യവിലോപമെന്ന് മന്ത്രി ഡോ ആർ ബിന്ദു. വ്യക്തികേന്ദ്രീകൃതമായ സമീപനമാണ് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ സ്വീകരിച്ചു വരുന്നതെന്ന് എല്ലാ സഹകാരികൾക്കും ബോധ്യമുള്ള കാര്യമാണ്. ധനകാര്യ സ്ഥാപനം എന്ന നിലയിൽ പുലർത്തേണ്ട വിശ്വാസ്യത ഉണ്ടായിട്ടില്ലെന്ന് ആർബിഐ യുടെ പ്രവർത്തന വിലക്ക് സംബന്ധിച്ച ഉത്തരവിലെ വരികൾക്കിടയിലൂടെ വായിച്ചാൽ അറിയാം. കരുവന്നൂർ ബാങ്കിൽ ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടികൾ ഉണ്ടായിട്ടുണ്ട്. ഒരു സ്വകാര്യ സ്ഥാപനം എന്ന പോലെ ഒരു സഹകരണ സ്ഥാപനത്തെ പ്രയോജനപ്പെടുത്തുന്ന സാഹചര്യമാണ് ഐടിയു ബാങ്കിലും ഉണ്ടായിട്ടുള്ളത്. കരുവന്നൂർ ബാങ്കുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന നിലപാട് ശരിയല്ല. സഹകാരികളുടെ പണം വക മാറി ചിലവ് ചെയ്യുന്നുണ്ട് എന്നത് വ്യക്തമാണ്. എൻ്റെ വീട്ടിലെ ഒരു സ്ഥാപനം എന്ന നിലയിൽ ഒരു പൊതുസ്ഥാപനത്തെ കൈകാര്യം ചെയ്യുന്നത് നീതിയുക്തമല്ല. ഭരണസമിതി അംഗങ്ങൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടികൾ ഉണ്ടാകേണ്ടതുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.