കരുവന്നൂർ ബാങ്കിന് ശേഷം നിക്ഷേപകർക്ക് ആശങ്ക സൃഷ്ടിച്ച് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കും; കടുത്ത നിയന്ത്രണങ്ങളുമായി ആർബിഐ; നിക്ഷേപങ്ങൾ പിൻവലിക്കാനും നിയന്ത്രണം; മാനദണ്ഡങ്ങൾ പാലിച്ച് പ്രതിസന്ധി മറി കടക്കുമെന്ന് ബാങ്ക് അധികൃതർ

കരുവന്നൂർ ബാങ്കിന് ശേഷം നിക്ഷേപകർക്ക് ആശങ്ക സൃഷ്ടിച്ച് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കും; ആറ് മാസത്തേക്ക് സാമ്പത്തിക ഇടപാടുകൾക്ക് കർശന നിയന്ത്രണങ്ങൾ; നിക്ഷേപം പിൻവലിക്കാനും കടുത്ത നിയന്ത്രണം; ആർബിഐ മാനദണ്ഡങ്ങൾ പാലിച്ച് പ്രതിസന്ധി മറി കടക്കുമെന്ന് ബാങ്ക് അധികൃതർ

ഇരിങ്ങാലക്കുട : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന് ശേഷം നിക്ഷേപർക്ക് ആശങ്ക സൃഷ്ടിച്ച് ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്കും. 2024- 25 വർഷത്തിൽ 40 കോടി രൂപ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക ഇടപാടുകൾക്ക് കർശന നിയന്ത്രണങ്ങൾ എർപ്പെടുത്തി. ആറ് മാസത്തേക്ക് എർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നിലവിൽ വന്നു കഴിഞ്ഞു. നിയന്ത്രണങ്ങളുടെ ഭാഗമായി നിക്ഷേപകന് ആറ് മാസത്തേക്ക് 10000 രൂപ മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ഇതോടെ ബാങ്കിൻ്റെ എടിഎമ്മുകളും പ്രവർത്തന രഹിതമായിക്കഴിഞ്ഞു. 19 ബ്രാഞ്ചുകളിലായി 35000 നിക്ഷേപകരും 930 കോടി രൂപ നിക്ഷേപവുമാണ് ബാങ്കിന് ഉള്ളത്. വായ്പകൾ നൽകാനും പുതുക്കാനും പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനും ബാങ്കിന് ആറ് മാസത്തേക്ക് കഴിയുകയില്ല. സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിൽ ബാങ്ക് പരാജയപ്പെട്ടതാണ് നടപടി സ്വീകരിച്ചതിന് കാരണമായി ആർബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻ്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ പരിരക്ഷയുടെ അടിസ്ഥാനത്തിൽ നിശ്ചിത സമ്മതപത്രം പൂരിപ്പിച്ച് നൽകിയാൽ നിക്ഷേപത്തിൻ്റെ 5 ലക്ഷം വരെ ലഭിക്കും. നോൺ ബാങ്കിംഗ് അസറ്റായി 365 കോടിയും ലോൺ കുടിശ്ശികയായി 195 കോടി രൂപയുമാണ് ബാങ്കിന് ഉള്ളത്.2020 മുതൽ നോൺ ബാങ്കിംഗ് അസറ്റുകൾ ബാങ്കിൽ വർധിച്ച് വരികയായിരുന്നു. 200 കോടി രൂപയാണ് ബാങ്കിന് ഗവ. സെക്യൂരിറ്റീസിൽ നിക്ഷേപമുള്ളത്. അതേ സമയം രാജ്യത്തെ മോശപ്പെട്ട സാമ്പത്തിക വ്യവസ്ഥയെ തുടർന്ന് വായ്പ തിരിച്ചടവ് മോശമായത് കൊണ്ട് റിസർവ്വ് ബാങ്കിൻ്റെ സാമ്പത്തിക സൂചകങ്ങൾ പൂർണ്ണമായും പാലിക്കാൻ കഴിയാതെ വന്നതാണെന്നും ആർബിഐ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഈ താത്കാലിക നിയന്ത്രണങ്ങൾ നീക്കാൻ കഴിയുമെന്നും ബാങ്കിൻ്റെ സ്ഥിതി മെച്ചപ്പെട്ടാൽ പിൻവലിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ബാങ്ക് ചെയർമാൻ എം പി ജാക്സൻ പത്രക്കുറിപ്പിൽ അറിയിച്ചു. നിയന്ത്രണങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നതോടെ നിക്ഷേപകർ ബാങ്കിൽ എത്തി തുടങ്ങിയിട്ടുണ്ട്.

Please follow and like us: