കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധവുമായി സംഘടനകൾ ; ക്രൈസ്തവ വിശ്വാസത്തെയും സംസ്കാരത്തെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും കത്തോലിക്ക കോൺഗ്രസ്സ്
ഇരിങ്ങാലക്കുട : ചത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മേഖലയിൽ പ്രതിഷേധം. കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സെൻ്റ് തോമസ് കത്തോലിക്ക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടി കത്തീഡ്രൽ വികാരി ഫാ ലാസ്സർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ വിശ്വാസത്തെയും സംസ്കാരത്തെയും ഇല്ലാതാക്കാനുള്ള ബോധപൂർവമായ പ്രവൃത്തിയാണ് നടന്നിട്ടുള്ളതെന്നും ഒരു കാരണവശാലും വച്ച് പൊറുപ്പിക്കാൻ കഴിയില്ലെന്നും ഫാ ലാസ്സർ കുറ്റിക്കാടൻ പറഞ്ഞു. പ്രസിഡണ്ട് സാബു കൂനൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടികൾ ഡിസിസി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ആൽത്തറക്കൽ നടന്ന പ്രതിഷേധ ധർണ്ണ മുൻസർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.