ഠാണാ- ചന്തക്കുന്ന് റോഡ് വികസനം; നഗരസഭയുടെ വീഴ്ച മറച്ച് വെച്ച് കള്ളം പറഞ്ഞ നഗരസഭ ചെയർപേഴ്സൻ്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം; പട്ടണത്തിലെ വ്യാപാരസമൂഹത്തെയും ചെയർപേഴ്സനും കൂട്ടാളികളും തെറ്റിദ്ധരിപ്പിച്ചതായും വിമർശനം.
ഇരിങ്ങാലക്കുട : ഠാണാ- ചന്തക്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് നഗരസഭയുടെ വീഴ്ച മറച്ച് വെച്ച് മാധ്യമങ്ങളിലൂടെ കള്ളം പറഞ്ഞ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ മന്ദിരത്തിന് മുന്നിൽ ഭരണസമിതിയിലെ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. റോഡ് നിർമ്മാണത്തിനായി നഗരസഭയുടെ അധീനതയിലുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബർ മുതൽ ജില്ലാ ഭരണകൂടത്തിൽ നിന്നും പൊതുമരാമത്ത് വകുപ്പിൽ നിന്നും ലഭിച്ച കത്തുകൾ പൂഴ്ത്തി വച്ച് നഗരസഭ ചെയർപേഴ്സനും കൂട്ടാളികളും ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നും വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്തിച്ചതായും എൽഡിഎഫ് വിമർശിച്ചു. ഒരു സൈക്കിൾ യാത്ര പോലും നടത്താൻ കഴിയാത്ത അവസ്ഥയാണ് ബൈപാസ് അടക്കമുള്ള പട്ടണത്തിലെ റോഡുകളെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ അൽഫോൺസ തോമസ്, സി സി ഷിബിൻ തുടങ്ങിയവർ പ്രസംഗിച്ചു.