ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വർഷം…. മാപ്രാണം ചാത്തൻമാസ്റ്റർ ഹാളിൽ സംഭവിക്കുന്നത്.. ഇടപെട്ട് കെപിഎംഎസ്

ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വർഷം; മാപ്രാണം ചാത്തൻ മാസ്റ്റർ ഹാളിൽ സംഭവിക്കുന്നത്…. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് രംഗത്ത്

ഇരിങ്ങാലക്കുട : നിർമ്മാണത്തിനായി നഗരസഭ ചിലവഴിച്ചത് പട്ടികജാതി ഫണ്ടിൽ നിന്നുള്ള മൂന്നരക്കോടി രൂപ. ഉദ്ഘാടനം നിർവഹിച്ചത് 2023 ഏപ്രിൽ 22 ന് അന്നത്തെ പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. രണ്ട് നിലകളിലായി 12000 ചതുരശ്ര അടിയിൽ ഒരേ സമയം 800 പേർക്ക് ഇരിക്കാവുന്ന ഹാൾ മുൻമന്ത്രി പി കെ ചാത്തൻ മാസ്റ്ററുടെ പേരിൽ.

ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോൾ മാപ്രാണത്ത് ഉള്ള പി കെ ചാത്തൻ മാസ്റ്റർ ഹാളിൽ നിന്നുള്ള കാഴ്ചകൾ ഇങ്ങനെ – ചോർന്ന് തുടങ്ങിയിരിക്കുന്ന കെട്ടിടം. ശുദ്ധീകരിക്കാത്തതും ഇപ്പോൾ കാട് പിടിച്ച് കിടക്കുന്നതുമായ കിണർ . ഹാളിനുള്ളിൽ 250 കസേരയും 15 മേശയും മാത്രം. അടുക്കള സങ്കല്പം മാത്രം. ലക്ഷങ്ങൾ ചിലവഴിച്ച് വാങ്ങിയിട്ടുള്ള ജനറേറ്റർ മഴയും വെയിലും എല്ക്കുന്ന അവസ്ഥയിൽ. ഹാളിന് ഇനിയും മതിൽ നിർമ്മിച്ചിട്ടുമില്ല.22500 രൂപ വാടക കൊടുത്ത് ഹാൾ കല്യാണത്തിന് എടുക്കുന്നവർ വെള്ളവും മേശയും കസേരകളും ഭക്ഷണവും പുറത്ത് നിന്ന് കൊണ്ട് വരണം. പാർക്കിംഗിന് നാമമാത്രമായ സ്ഥല സൗകര്യം. മഴ കനത്താൽ പാർക്കിംഗ് പ്രദേശവും വെള്ളക്കെട്ടിൽ . കല്യാണത്തിനായി എത്തുന്ന സ്വകാര്യ ബസ്സുകൾ സംസ്ഥാനപാതയിൽ പാർക്ക് ചെയ്യണം. – ലക്ഷങ്ങളും കോടികളും ചിലവഴിച്ച് നിർമ്മിക്കുകയും ഉദ്ഘാടന മാമാങ്കങ്ങൾ കഴിഞ്ഞാൽ ലക്ഷ്യങ്ങൾ നിവേറ്റാത്ത നഗരസഭയുടെ പദ്ധതികളുടെ പട്ടികയിലേക്ക് ചാത്തൻ മാസ്റ്റർ ഹാളിനെയും ധൈര്യപൂർവം ചേർത്ത് വയ്ക്കാം .

ഹാൾ യാഥാർഥ്യമാക്കാൻ പൊരുതിയ കെപിഎംഎസ് ഹാളിൽ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിക്കഴിഞ്ഞു. ഹാളിൻ്റെ നടത്തിപ്പിനായുള്ള മോണിറ്ററിംഗ് കമ്മിറ്റിയിൽ മൂന്ന് എസ് സി പ്രതിനിധികളെ ഉൾപ്പെടുത്താമെന്ന് 2016 ജനുവരി 29 ന് ചേർന്ന കൗൺസിൽ തീരുമാനം ഇത് വരെ നടപ്പിലായിട്ടില്ലെന്നും ഹാൾ സന്ദർശിച്ച കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം പി സി രഘു, ഭാരവാഹികളായ രഞ്ജിത്ത്, കെ സി രാജീവ്, വി എം ലളിത, പി സി ചന്ദ്രൻ, രാജേഷ് എന്നിവർ വ്യക്തമാക്കുന്നുണ്ട്.

Please follow and like us: