ഠാണാ- ചന്തക്കുന്ന് റോഡ് വികസന പദ്ധതിയുടെ മെല്ലെപ്പോക്കിൽ പ്രതിഷേധവുമായി വ്യാപാരികൾ; കാലതാമസത്തിന് മറുപടി പറയേണ്ടത് നഗരസഭ അധികൃതരെന്ന് മന്ത്രി ഡോ ആർ ബിന്ദു

ഠാണാ- ചന്തക്കുന്ന് റോഡ് വികസനപദ്ധതിയുടെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് നാളെ വ്യാപാരികളുടെ ധർണ്ണ ; നിവേദനത്തിന് മന്ത്രിയിൽ നിന്ന് മറുപടി ലഭിച്ചില്ലെന്ന് വിമർശനം; നിർമ്മാണത്തിലെ കാലതാമസത്തിന് മറുപടി പറയേണ്ടത് നഗരസഭ അധികൃതരെന്ന് മന്ത്രി ഡോ ആർ ബിന്ദു ; നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാ-ചന്തക്കുന്ന് റോഡ് വികസനപദ്ധതിയുടെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് വ്യാപാരികൾ സമരത്തിലേക്ക്. നൂറ് ദിവസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം ജൂലൈ 15 നാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തിയത്. ഒരു വർഷം പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും വ്യാപാരികളെ കാണാൻ മന്ത്രി തയ്യാറാകുന്നില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഷാജു പാറേക്കാടൻ, ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ ചെറിയ കടകൾ പലതും അടച്ച് പൂട്ടി കഴിഞ്ഞു. കോൺക്രീറ്റ് പണികൾക്ക് പകരം മെക്കാഡം ടാറിംഗ് നടത്തി നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. പ്രതിഷേധ പരിപാടികളുടെ ഭാഗമായി ജൂലൈ 25 ന് വെള്ളിയാഴ്ച രാവിലെ 10 ന് ഠാണാ സെൻ്ററിൽ ധർണ്ണ നടത്തുമെന്നും ഇവർ അറിയിച്ചു. സമിതി ട്രഷറർ വി കെ അനിൽകുമാർ, ഭാരവാഹികളായ മണി മേനോൻ, പി വി നോബിൾ, കെ ആർ ബൈജു, ലിഷോൺ ജോസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അതേസമയം നിർമ്മാണത്തിലെ കാലതാമസത്തിന് നഗരസഭ അധികൃതരാണ് മറുപടി പറയേണ്ടതെന്നും സ്വന്തം കെട്ടിടങ്ങൾ എപ്രിൽ അവസാനമാണ് നഗരസഭ പൊളിച്ച് നീക്കിയതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പത്രക്കുറിപ്പിൽ അറിയിച്ചു. പതിനേഴ് മീറ്ററിൽ നാലു വരിയായിട്ടാണ് നിർമ്മാണ പ്രവർത്തനം ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടുതൽ തുക വരുമെന്നതിനാൽ എസ്റ്റിമേറ്റ് പുതുക്കേണ്ടി വന്നു. ഇതിൻ്റെ അംഗീകാരം ലഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഠാണാ- ചന്തക്കുന്ന് വികസന പദ്ധതിയുടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗും അനുബന്ധ റോഡുകളുടെ നിർമ്മാണവും ഒരാഴ്ചക്കകം ആരംഭിക്കും. പിന്നാലെ നിർമ്മാണ പ്രവൃത്തിയും ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

Please follow and like us: