നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം

നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മഴയെ അവഗണിച്ച് തീർഥാടകർ ; നാല് സർവീസുകളുമായി കെഎസ്ആർടിസിയും

ഇരിങ്ങാലക്കുട :കർക്കിടകമാസത്തിലെ നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം. തുടർച്ചയായ മഴയെയും അവഗണിച്ച് ആയിരങ്ങളാണ് ആദ്യദിനത്തിൽ തന്നെ ക്ഷേത്രങ്ങളിൽ എത്തിയത്. മഴ നനയാതെ ദർശനം നടത്താനുള്ള പന്തൽ, ക്യൂവിൽ തന്നെ ഇരിപ്പിട സൗകര്യം, വഴിപാടുകൾക്കായി കൂടുതൽ കൗണ്ടറുകൾ, ആരോഗ്യ, സുരക്ഷാ സംവിധാനങ്ങൾ, അന്നദാനം , പാർക്കിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും കൂടൽമാണിക്യം ക്ഷേത്രത്തിലും പായമ്മൽ ശത്രുഘ്ന ക്ഷേത്രത്തിലും ഒരുക്കിയിട്ടുള്ളത്. കൂടൽമാണിക്യ ക്ഷേത്രത്തിൽ പുലർച്ചെ മൂന്നരയോടെ തന്നെ നട തുറന്ന് നാല് മണിക്ക് ദർശനം ആരംഭിച്ച് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അടച്ചത്. പായമ്മൽ ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചരയ്ക്ക് നട തുറന്ന് രണ്ടരയോടെയാണ് അടച്ചത്. പടിയൂർ പഞ്ചായത്തിലെ ചില വാർഡുകളിലെ വെള്ളക്കെട്ടിനെ തുടർന്ന് ചാലുകൾ കീറിയ പുളിക്കലച്ചിറ താത്കാലിക ബണ്ട് റോഡിലൂടെ വാഹനങ്ങൾ സുഗമമായി കടന്ന് പോയതായി ക്ഷേത്രം അധികൃതർ അറിയിച്ചു. പോലീസ്, പിഡബ്ല്യുഡി അധികൃതർ, ക്ഷേത്ര കമ്മിറ്റി എന്നിവർ താത്കാലിക ബണ്ട് റോഡിൽ നിരീക്ഷണം നടത്തുന്നുണ്ട്. ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി തൃശ്ശൂർ, ചേർത്തല എന്നിവടങ്ങളിൽ നിന്നും ഒന്ന് വീതവും ഇരിങ്ങാലക്കുടയിൽ നിന്ന് രണ്ടും കെഎസ്ആർടിസി നാല് സർവീസുകളാണ് ആദ്യദിനത്തിൽ നാലമ്പല തീർഥാടകർക്കായി നടത്തിയത്.

Please follow and like us: