ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം; മൈതാനത്ത് അശാസ്ത്രീയമായി മാലിന്യങ്ങൾ സംസ്കരിച്ചെന്ന സിപിഐ കൗൺസിലറുടെ പരാതിയിൽ നഗരസഭ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം ; അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കാൻ തദ്ദേശ വകുപ്പ് ജോയിൻ്റ് സെക്രട്ടറിക്കും ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർക്കും നിർദ്ദേശം.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ മൈതാനത്ത് നഗരസഭ നടത്തിയ ഞാറ്റുവേല മഹോൽസവത്തെ തുടർന്ന് മൈതാനം മാലിന്യ നിക്ഷേപകേന്ദ്രമായെന്ന സിപിഐ കൗൺസിലറും വാർഡ് 12 മെമ്പറുമായ മാർട്ടിൻ ആലേങ്ങാടൻ്റെ പരാതിയിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ നഗരസഭ സെക്രട്ടറിയോട് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം. പരിപാടിയുടെ ഭാഗമായി മൈതാനത്ത് ഒരുക്കിയ ശൗചാലയത്തിൽ നിന്നും മറ്റുമുള്ള മാലിന്യങ്ങൾ ഗ്രൗണ്ടിൽ തന്നെ അശാസ്ത്രീയമായി സംസ്കരിച്ചെന്ന പരാതിയാണ് ലഭിച്ചിട്ടുള്ളതെന്നും മാലിന്യമുക്ത കേരള പദ്ധതി നടപ്പിലാക്കേണ്ട നഗരസഭ തന്നെ നിയമവിരുദ്ധ പ്രവൃത്തികൾ നടത്തുന്നതായിട്ടാണ് പരാതി ലഭിച്ചിട്ടുള്ളതെന്നും ജില്ലാ ഭരണകൂടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം നടത്തി , നടപടികൾ സ്വീകരിച്ച് പരാതിക്കാരനായ മാർട്ടിൻ ആലേങ്ങാടന് മറുപടി നൽകാനും നടപടികൾ റിപ്പോർട്ട് ചെയ്യാനും തദ്ദേശ വകുപ്പ് ജോയിൻ്റ് ഡയറക്ടർക്കും ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർക്കും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. ” കാർഷിക സമൃദ്ധിക്ക് നാടിനൊപ്പം ” എന്ന ആപ്തവാക്യം ഉയർത്തി ഈ മാസം 17 മുതൽ 27 വരെയാണ് ഞാറ്റുവേല മഹോൽസവം നടന്നത്.