ഡിജിറ്റൽ റവന്യൂ കാർഡിലൂടെയും ഡിജി ലോക്കർ സംവിധാനത്തിലൂടെയും റവന്യൂ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി കെ രാജൻ; ഭൂരഹിതരായ 508 കുടുംബങ്ങൾക്കുള്ള പട്ടയങ്ങൾ വിതരണം ചെയ്തു.
ഇരിങ്ങാലക്കുട : ഡിജിറ്റൽ റവന്യൂ കാർഡിലൂടെയും ഡിജി ലോക്കർ സംവിധാനത്തിലൂടെയും റവന്യൂ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് റവന്യൂ മന്ത്രികെ രാജൻ പറഞ്ഞു. ഇരിങ്ങാലക്കുട- പുതുക്കാട് മണ്ഡലതല പട്ടയമേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അർഹതപ്പെട്ടവരെയെല്ലാവരെയും ഭൂമിയുടെ അവകാശികളാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ഡിജിറ്റൽ റീസർവെ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, ടി.വി ലത, ബിന്ദു പ്രദീപ്, ലിജി രതീഷ്, ഇ. കെ അനൂപ്, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ പി.ഷിബു, ഡെപ്യൂട്ടി കളക്ടർ ജ്യോതി, മുകുന്ദപുരം തഹസിൽദാർ കെ.എം സമീഷ് സാഹു, വകുപ്പുതല ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഭൂരഹിതരായ 508 കുടുംബങ്ങൾക്കുള്ള പട്ടയങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.