കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സംഘർഷം; നാല് പേർക്ക് പരിക്ക്

കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കവും സംഘർഷവും; പരിക്കേറ്റ നാല് പേർ ചികിൽസയിൽ; ചർച്ചയ്ക്ക് വിളിച്ച് പോലീസ്.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലുള്ള കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കവും സംഘർഷവും. വൈകീട്ട് ക്ഷേത്രപരിസരത്ത് ഉണ്ടായ തർക്കത്തിൽ ഇരുവിഭാഗങ്ങളിൽ നിന്നായി നാല് സ്ത്രീകൾക്ക് പരിക്കേറ്റു. പരിക്കേറ്റ കാരുകുളങ്ങര നിവാസികളായ ജലജ എസ് മേനോൻ, സുമ കൊളത്തപ്പിള്ളി, ബീന, ജയശ്രീ എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ഇത് സംബന്ധിച്ച് പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് ഇരിങ്ങാലക്കുട പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ അമ്പത് വർഷങ്ങളായി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശം ചാഴൂർ കോവിലകം 2956 നമ്പർ കാരുകുളങ്ങര എൻഎസ്എസ് കരയോഗത്തിന് കൈമാറിയിട്ടുള്ളതാണെന്നും എന്നാൽ കോവിലകത്തിൻ്റെ പേരും പറഞ്ഞ് ചില വ്യക്തികൾ ക്ഷേത്രഭരണം കൈക്കലാക്കാനും ക്ഷേത്രത്തിൻ്റെ അക്കൗണ്ടും ലോക്കറും കൈകാര്യം ചെയ്യാനും ശ്രമിക്കുകയാണെന്നും നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കരയോഗം ഭാരവാഹികൾ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ പോലീസ് അടുത്ത ദിവസം ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്

Please follow and like us: