കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ നഷ്ടങ്ങൾ; മരങ്ങൾ വീണ് വീടുകൾക്കും വാഹനങ്ങൾക്കും നാശം
ഇരിങ്ങാലക്കുട : ശക്തമായ കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ കനത്ത നഷ്ടം. കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകർന്ന് വിവിധ കേന്ദ്രങ്ങളിലെ വൈദ്യുതി വിതരണം മുടങ്ങി. മരം റോഡിൽ വീണ് സിവിൽ സ്റ്റേഷൻ റോഡിലൂടെയുള്ള ഗതാഗതവും കുറച്ച് നേരത്തേക്ക് സ്തംഭിച്ചു. മഴയിൽ മാടായിക്കോണം പള്ളിപ്പുറത്ത് കുമാരൻ്റെ വീട് തകർന്നു. കുമാരനും കുടുംബവും ബന്ധുവീടുകളിലേക്ക് താമസം മാറ്റി. കൊറ്റനെല്ലൂരിൽ മരം വീണ് വയമ്പാട്ട് വീട്ടിൽ ഷിജീഷിൻ്റെ വീട് ഭാഗികമായി തകർന്നു. അവിട്ടത്തൂരിൽ തെങ്ങ് വീണ് കോക്കാട്ട് രാജു ഫ്രാൻസിസിൻ്റെ വീടിനും വാഹനങ്ങൾക്ക് കേടുകൾ സംഭവിച്ചു. അവിട്ടത്തൂർ തന്നെ മരങ്ങൾ വീണ് ജില്ലാ റൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിലെ വാഹനങ്ങൾക്ക് ചെറിയ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.