കാറ്റിലും മഴയിലും മരം കട പുഴകി വീണ് ഇരിങ്ങാലക്കുട കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് നാശം; സംഭവത്തെ തുടർന്ന് കോടതി നടപടികൾ നിറുത്തി വച്ചു.
ഇരിങ്ങാലക്കുട : മഴയിലും കാറ്റിലും മരം കട പുഴകി വീണ് ഇരിങ്ങാലക്കുട ഠാണാ മെയിൻ റോഡിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി അങ്കണത്തിൽ പാർക്ക് ചെയ്തിരുന്ന നാല് കാറുകൾക്കും ഒരു ബൈക്കിനും ഭാഗിക നാശം. ബുധനാഴ്ച പതിന്നൊരയോടെ ആയിരുന്നു സംഭവം. ആർക്കും പരിക്കില്ല. കോടതി നടപടികൾക്ക് എത്തിയ അഭിഭാഷകരുടെയും കക്ഷികളുടെയും വാഹനങ്ങളാണ് അപകടത്തിൽ പെട്ടത് . ഇതേ സമയം കോടതി നടപടികൾ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. ഇതേ തുടർന്ന് കോടതി നടപടികൾ നിറുത്തി വച്ചു. വിവരമറിയച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ അഗ്നിശമനാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മരം മുറിച്ച് മാറ്റാനുള്ള നടപടികൾ തുടരുകയാണ്. വർഷങ്ങളുടെ പഴക്കമുള്ള കോടതി കെട്ടിടത്തിനും നാശം സംഭവിച്ചിട്ടുള്ളതായി അഭിഭാഷകർ പറഞ്ഞു . അതേ സമയം അപകടാവസ്ഥയിലായ മരം മുറിച്ച് മാറ്റണമെന്ന് ആവശ്യപെട്ട് ഈ വർഷം മാർച്ചിൽ നഗരസഭയ്ക്ക് കോടതി അധികൃതർ കത്ത് നൽകിയിരുന്നതായും കോടതി സമുച്ചയം ഉൾപെടുന്ന കച്ചേരി വളപ്പ് കൂടൽമാണിക്യം ദേവസ്വത്തിൻ്റെ അധീനതയിൽ ഉള്ളതാണെന്നും വിഷയം സംബന്ധിച്ച് ദേവസ്വത്തിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും നഗരസഭ അറിയിച്ചതായി അഭിഭാഷകർ സൂചിപ്പിച്ചു. വിവരമറിഞ്ഞ് പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു