പി കെ ചാത്തൻ മാസ്റ്റർ ജന്മശതാബ്ദി സംഗമവും കെപിഎംഎസ് സംസ്ഥാന സമ്മേളനവും ഏപ്രിൽ 25, 26, 27 തീയതികളിൽ

പി കെ ചാത്തൻമാസ്റ്റർ ജന്മശതാബ്ദി സംഗമവും കെപിഎംഎസ് 54 -ാം സംസ്ഥാന സമ്മേളനവും ഏപ്രിൽ 25, 26, 27 തീയതികളിൽ ഇരിങ്ങാലക്കുടയിൽ

 

ഇരിങ്ങാലക്കുട : പി കെ ചാത്തൻ മാസ്റ്റർ ജന്മശതാബ്ദി സംഗമവും കെപിഎംഎസ് അമ്പത്തിനാലാം സംസ്ഥാന സമ്മേളനവും എപ്രിൽ 25, 26, 27 തീയതികളിൽ ഇരിങ്ങാലക്കുടയിൽ. അയ്യങ്കാവ് മൈതാനം, ടൗൺ ഹാൾ എന്നിവടങ്ങളിലായി കൊടിമര -പതാക – ബാനർ ജാഥകൾ, സെമിനാർ, പ്രകടനം, പൊതുസമ്മേളനം , പ്രതിനിധി സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികളെന്ന് സ്വാഗത സംഘം ചെയർമാൻ സി എ ശിവൻ, ജനറൽ കൺവീനർ ലോചനൻ അമ്പാട്ട് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 25 ന് വൈകീട്ട് 3 ന് സ്മൃതി മണ്ഡപങ്ങളിൽ നിന്നും ആരംഭിക്കുന്ന കൊടിമര ജാഥകൾക്ക് അഞ്ച് മണിക്ക് അയ്യങ്കാവ് മൈതാനിയിൽ സ്വീകരണം നൽകും. 5.30 ന് ” ഭരണഘടനയും സംവരണവും പട്ടിക വിഭാഗ പ്രാതിനിധ്യവും ” എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പട്ടികജാതി – വർഗ്ഗ കമ്മീഷൻ മുൻ ചെയർമാൻ ബി എസ് മാവോജി ഉദ്ഘാടനം ചെയ്യും. 26 ന് വൈകീട്ട് കുട്ടംകുളം ക്ഷേത്ര മൈതാനത്ത് നിന്നും ആരംഭിക്കുന്ന പ്രകടനത്തെ തുടർന്ന് 5.30 ന് നടക്കുന്ന പി കെ ചാത്തൻമാസ്റ്റർ ജന്മശതാബ്ദി സംഗമം കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നിന്നായി പതിനായിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് കഴിഞ്ഞ എഴ് വർഷത്തിനുള്ളിൽ പട്ടികജാതി വിഭാഗങ്ങൾക്ക് അനുവദിച്ച 7000 കോടി രൂപയോളം വക മാറ്റിയും ലാപ്സാക്കിയും നഷ്ടപ്പെടുത്തിയതിന് എതിരെ നിയമനടപടി സ്വീകരിക്കാൻ സമ്മേളനം ആവശ്യപ്പെടുമെന്നും പട്ടികജാതി വിഭാഗങ്ങളോടുള്ള സിപിഎമ്മിൻ്റെ അയിത്തം തുടരുകയാണെന്നും സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ പങ്കെടുപ്പിക്കാൻ ശ്രമിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ലെന്നും സംഘാടകർ പറഞ്ഞു. സെക്രട്ടറിയേറ്റ് അംഗം പി കെ ശിവൻ, സ്റ്റേറ്റ് കമ്മിറ്റി അംഗം ഇ വി സുരേഷ്, ജില്ലാ പ്രസിഡണ്ട് കെ ടി ചന്ദ്രൻ, പി ടി ജ്യോതിഷ് , വി എം പുരുഷോത്തമൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: