റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടന കൂടി; 1992 ൽ രൂപീകരിച്ച സംഘടന പുനസംഘടിപ്പിച്ചതാണെന്ന് ഭാരവാഹികൾ

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം; റയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടന കൂടി; 1992 ൽ രൂപീകരിച്ച സംഘടന പുനസംഘടിപ്പിച്ചതാണെന്ന് ഭാരവാഹികൾ ; വ്യാജ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് പാസഞ്ചേഴ്സ് അസോസിയേഷൻ എന്ന പേരിൽ ചില നിഗൂഡ ശക്തികൾ ധനസമാഹരണം നടത്തുന്നതായി ആരോപണം

 

  • ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടറെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടന കൂടി. 1992 ൽ പി എം മീരാസ പ്രസിഡണ്ടും മുരളീധരൻ ഇടയപ്പുറത്ത് ജനറൽ സെക്രട്ടറിയുമായി രൂപീകരിച്ച ഇരിങ്ങാലക്കുട റയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ്റെ പ്രവർത്തകർ യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തീരുമാനിച്ചതായി ചുമതലയേറ്റ പ്രസിഡണ്ട് കെ കെ ബാബു, വർക്കിംഗ് പ്രസിഡണ്ട് ശശി ശാരദാലയം എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ജോസ് പി എൽ (വൈസ്- പ്രസിഡണ്ട്), ആൻ്റു പുന്നേലിപറമ്പിൽ ( ജനറൽ സെക്രട്ടറി), സുരേഷ് കൈതയിൽ (സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ഇരിങ്ങാലക്കുട റയിൽവേ സ്റ്റേഷൻ വികസനത്തിന് വേണ്ടി സ്റ്റേഷൻ വികസന സമിതി നടത്തി കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും സമിതിയും പുനസംഘടിപ്പിക്കപ്പെട്ട അസോസിയേഷനും സംയുക്തമായി എപ്രിൽ 11, 12 തീയതികളിൽ സമര പരിപാടികൾ നടത്തുമെന്നും ഇവർ അറിയിച്ചു. വികസന സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭങ്ങൾ നടക്കുമ്പോൾ, പാസഞ്ചേഴ്സ് അസോസിയേഷൻ എന്ന പേരിൽ ചിലർ വ്യാജമായ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഗൂഗിൾ പേയിലൂടെ ധനസമാഹരണം നടത്തുകയാണെന്നും നമ്പർ പുതുക്കുവാൻ 62000 രൂപ അടക്കേണ്ടി വരുമെന്നും ഇതിനെക്കുറിച്ച് അധികൃതർ അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. 1989 ൽ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ ഫലമായി നേടിയെടുത്ത വികസനങ്ങൾ അല്ലാതെ മൂന്നര പതിറ്റാണ്ടായി ഒന്നും നടന്നിട്ടില്ല. അഞ്ച് വണ്ടികളുടെ സ്റ്റോപ്പുകൾ നിറുത്തലാക്കിയപ്പോൾ രാഷ്ട്രീയ കക്ഷികളും സമൂഹ മാധ്യമ കൂട്ടായ്മക്കാരും മൗനം പാലിക്കുകയാണ് ചെയ്തതെന്നും ഇവർ ആരോപിച്ചു. പുനസംഘടിപ്പിക്കപ്പെട്ട അസോസിയേഷൻ്റെ രജിസ്റ്റർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രസിഡണ്ട്, വർക്കിംഗ് പ്രസിഡണ്ട്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സ്ഥാപക പ്രസിഡണ്ട് പി എം മീരാസ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Please follow and like us: