കൂടൽമാണിക്യക്ഷേത്രത്തിലെ കഴക നിയമനം. ; ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് കഴകം ജോലിയിൽ നിയമിച്ച ആര്യനാട് സ്വദേശി ബാലു ജോലി രാജി വച്ചു
ഇരിങ്ങാലക്കുട : ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് എഴുത്ത് പരീക്ഷ നടത്തി കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ നിയമിച്ച കൊല്ലം ആര്യനാട് സ്വദേശി ബാലു ജോലി രാജി വച്ചു. ശാരീരികമായ പ്രയാസങ്ങളും വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് രാജിക്കത്ത് നൽകിയിരിക്കുന്നത്. പാരമ്പര്യ അവകാശികളെ മാറ്റി പുതിയ നിയമനം നടത്തിയതിന് എതിരെ തന്ത്രിമാരും വാരിയർ സമാജവും രംഗത്ത് വരികയും ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകൾ മുടങ്ങുകയും ചെയ്യുമെന്ന സാഹചര്യം വന്നതോടെ ദേവസ്വം ഫെബ്രുവരി 24 ന് ജോലിയിൽ പ്രവേശിച്ച ബാലുവിനെ ഓഫീസ് ജോലിയിലേക്ക് ” വർക്ക് അറേഞ്ച്മെൻ്റ് ” എന്ന പേരിൽ മാറ്റിയിരുന്നു. തുടർന്ന് ബാലു അവധിയിൽ പ്രവേശിക്കുകയായിരുന്നു. സംഭവം വിവാദമാവുകയും പൊതുസമൂഹത്തിൽ നിന്നും സർക്കാരിൽ നിന്നും ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയരുകയും സർക്കാർ തന്നെ ദേവസ്വത്തിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതോടെ അവധി കഴിഞ്ഞ് എത്തിയാൽ ബാലുവിനെ കഴകം ജോലിയിൽ തന്നെ വിന്യസിക്കുമെന്ന് ദേവസ്വം വ്യക്തമാക്കിയിരുന്നു. ഓഫീസ് ജോലിയിൽ തന്നെ തുടരണമെന്ന് അഭ്യർഥിച്ച് ബാലു ദേവസ്വത്തിന് അപേക്ഷ നൽകിയെങ്കിലും നിയമാനുസൃതമല്ലാത്ത കാര്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ അവധി നീട്ടിയ ബാലു തൻ്റെ ലീവ് കഴിയുന്ന ചൊവ്വാഴ്ച ബന്ധുക്കളോടൊപ്പം എത്തിയാണ് രാജിക്കത്ത് നൽകിയത്. കഴകം പ്രവൃത്തിയിൽ തുടരാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയതായാണ് സൂചന. വിഷയം ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൽ റിപ്പോർട്ട് ചെയ്യുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.