ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; മഹാഹർജി ഒപ്പുശേഖരണത്തിന് തുടക്കമായി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റയിൽവേ സ്റ്റേഷനോട് മൂന്നര പതിറ്റാണ്ടായി അധികൃതർ തുടരുന്ന അവഗണനക്കെതിരെ ജനകീയ മഹാഹർജി ഒപ്പുശേഖരണത്തിന് തുടക്കമായി. ആൽത്തറ പരിസരത്ത് നടന്ന യോഗത്തിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ – സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു ആദ്യ
ഒപ്പു വച്ച് ഉദ്ഘാടനം ചെയ്തു. മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ്സ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ജനകീയ മഹാഹർജി വിളംബരം ചെയ്തു. റെയിൽവേ സ്റ്റേഷൻ വികസന സമിതി പ്രസിഡണ്ട് വർഗ്ഗീസ് പന്തല്ലൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. സമരത്തിന്റെ മുഖ്യ സംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ, ടി.കെ. സുധീഷ്, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.എം.എസ്. അനിൽകുമാർ, കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് സോമൻ ചിറ്റേത്ത്, അഡ്വ.പി.കെ. നാരായണൻ, കേരള സിറ്റിസൺ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ.ആൻ്റണി, കെ പി എം എസ് ജില്ല പ്രസിഡന്റ് പി.എ. അജയഘോഷ്, ഡേവിസ് തുളുവത്ത് തുടങ്ങിയവർ പ്രസംഗിച്ചു. റയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ വികസന സമര വിളംബരമായി ഇരിങ്ങാലക്കുട റയിൽവേസ്റ്റേഷൻ്റെ സമീപ ഗ്രാമകേന്ദ്രങ്ങളിലെ വിവിധയിടങ്ങളിൽ 2025 മാർച്ച് 15 ന് തുടങ്ങിയ സമരാഗ്നി ജ്വലനം ഇരിങ്ങാലക്കുട ആൽത്തറ പരിസരത്ത് ജനകീയ മഹാഹർജി ഒപ്പുശേഖരണ വേദിയിൽ സമാപിച്ചു.