ലോക്സഭാ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിലെ കുറഞ്ഞ പോളിംഗ് ശതമാനം നഗരഹൃദയത്തിലെ ബൂത്തിൽ; പ്രാഥമിക വിലയിരുത്തൽ പൂർത്തിയാക്കി മുന്നണികൾ ..

ലോക്സഭാ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിലെ കുറഞ്ഞ പോളിംഗ് ശതമാനം നഗരഹൃദയത്തിലെ ബൂത്തിൽ; പ്രാഥമിക വിലയിരുത്തൽ പൂർത്തിയാക്കി മുന്നണികൾ ….

 

ഇരിങ്ങാലക്കുട : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ 181 ബൂത്തുകളിൽ കുറഞ്ഞ പോളിംഗ് ശതമാനം നഗരഹൃദയത്തിലെ ബൂത്തിൽ. പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് അടുത്തുള്ള ഇൻഡസ്ട്രിയൽ സ്കൂളിലെ ബൂത്ത് നമ്പർ 86 ൽ 63. 07 % പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ആകെയുള്ള 1059 വോട്ടർമാരിൽ 668 പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. കല്പറമ്പ് ബിവിഎം സ്കൂളിലെ ബൂത്ത് നമ്പർ 125 ആണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത് . 64.64 ആണ് ഇവിടത്തെ പോളിംഗ് ശതമാനം. 1335 പേരിൽ 763 പേരാണ് ഇവിടെ ബൂത്തിൽ എത്തിയി ട്ടുള്ളത്. ഇരിങ്ങാലക്കുട സെൻ്റ് മേരീസ് സ്കൂളിലെ ബൂത്ത് നമ്പർ 99 ആണ് മൂന്നാം സ്ഥാനത്ത്. 65. 04 %. 1233 വോട്ടർമാരിൽ 737 പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.

അതേ സമയം മണ്ഡലത്തിൽ കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയിട്ടുള്ളത് കാക്കാത്തുരുത്തി ശ്രീനാരായണഗുരു സമാജം യു പി സ്കൂളിലെ 105 നമ്പർ ബൂത്തിലാണ്. 83.80 %. ആകെയുള്ള 809 വോട്ടർമാരിൽ 678 പേരും ബൂത്തിൽ എത്തിയിരുന്നു. ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്ത് നമ്പർ 94 ൽ 82.67 % ഉം കാക്കാത്തുരുത്തി ശ്രീനാരായണഗുരു സമാജം സ്കൂളിലെ തന്നെ 106 നമ്പർ ബൂത്തിൽ 82 . 56 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട മണ്ഡലത്തിൽ ആകെയുള്ള 207194 വോട്ടർമാരിൽ 153109 പേരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. 73. 89 ശതമാനം. പോസ്റ്റൽ വോട്ടുകളുടെയും ഹോം വോട്ടിംഗിൻ്റെ കണക്കുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല.

ബൂത്തുകളിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അവലോകനങ്ങൾ പൂർത്തിയാക്കിയ മൂന്ന് മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എഴായിരം തൊട്ട് പതിനായിരം വരെയുള്ള ഭൂരിപക്ഷമാണ് ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. അതേ സമയം കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷത്തെ മറികടക്കുമെന്നും മണ്ഡലത്തിൽ നിന്നും 8500 ൽ അധികം വോട്ടിൻ്റെ ലീഡ് നേടുമെന്നും എൽഡിഎഫ് ഉറപ്പിക്കുന്നുണ്ട്. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നും നേടിയ 42000 ൽ പരം വോട്ട് ഇക്കുറി 53000 മുതൽ 55000 വരെ ആയി ഉയർത്തുമെന്ന കണക്ക് കൂട്ടലിലാണ് എൻഡിഎ കേന്ദ്രങ്ങൾ.

Please follow and like us: