ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള മുകുന്ദപുരം ഗവ എൽ പി സ്കൂൾ പ്രതിസന്ധിയിൽ; വാടക കെട്ടിടത്തിൽ ആയതിനാൽ ഫണ്ട് ചിലവഴിക്കാൻ കഴിയില്ലെന്ന നിലപാടിൽ നഗരസഭ; സർക്കാറിൽ നിന്ന് പ്രത്യേക ഉത്തരവ് നേടിയെടുക്കണമെന്ന നിലപാടിൽ എൽഡിഎഫ് …

ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള മുകുന്ദപുരം ഗവ എൽ പി സ്കൂൾ പ്രതിസന്ധിയിൽ; വാടക കെട്ടിടത്തിൽ ആയതിനാൽ ഫണ്ട് ചിലവഴിക്കാൻ കഴിയില്ലെന്ന നിലപാടിൽ നഗരസഭ; സർക്കാറിൽ നിന്ന് പ്രത്യേക ഉത്തരവ് നേടിയെടുക്കണമെന്ന നിലപാടിൽ എൽഡിഎഫ് …

ഇരിങ്ങാലക്കുട : 160 വർഷത്തെ ചരിത്രമുള്ള ഗവ എൽപി സ്കൂൾ മുകുന്ദപുരം പ്രതിസന്ധിയിലേക്ക് . 25 ൽ താഴെ കുട്ടികളുള്ള ജില്ലയിലെ സ്കൂളുകളുടെ പട്ടികയിലാണിപ്പോൾ മുകുന്ദപുരം ഗവ എൽ പി സ്കൂൾ . ഫോക്കസ് സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളുടെ എണ്ണം വർധിപ്പിക്കാനും ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കാനുമുള്ള നിർദ്ദേശം സർക്കാറിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഭാഗത്ത് നിന്ന് വന്ന് കഴിഞ്ഞു. നഗരസഭയുടെ കീഴിലുള്ള സ്കൂൾ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്വന്തം ആസ്തിയിൽ ഉൾപ്പെടാത്തതിനാൽ ഫണ്ട് ചിലവഴിച്ച് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിയില്ലെന്ന നിലപാടിലാണ് നഗരസഭ. കെട്ടിടത്തിന്റെ ഉടമസ്ഥരായ പള്ളി അധികൃതരും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ തയ്യാറല്ല. എണ്ണൂറ് രൂപ വാടകയ്ക്കാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രീ പ്രൈമറിയിൽ നാല് കുട്ടികളും ഒന്ന് മുതൽ നാല് വരെയുളള ക്ലാസ്സുകളിൽ പതിനെട്ട് കുട്ടികളും മാത്രമാണ് സ്കൂളിൽ ഉള്ളത് . ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയാൽ കൂടുതൽ കുട്ടികളെ ആകർഷിക്കാൻ കഴിയുമെന്ന വിശ്വാസം സ്കൂൾ അധികൃതർ പങ്കിടുന്നുണ്ട്. കഴിഞ്ഞ മാസം 31 ന് ചേർന്ന കൗൺസിൽ യോഗത്തിൽ വിഷയം വന്നുവെങ്കിലും വ്യക്തമായ തീരുമാനമാകാതെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്ക് വിടുകയായിരുന്നു. സ്കൂൾ അവിടെ തന്നെ നിലനിറുത്തണമെന്ന നിലപാടാണ് വിഷയത്തിൽ എൽഡിഎഫ് പങ്ക് വയ്ക്കുന്നത്. സ്കൂളിന്റെ പൗരാണികതയും ചരിത്രവും ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ സർക്കാറിൽ നിന്ന് പ്രത്യേക ഉത്തരവ് വാങ്ങിക്കാമെന്നും സർക്കാർ ഫണ്ട് ചിലവഴിക്കാമെന്നുമുള്ള പ്രതീക്ഷയാണ് എൽഡിഎഫിന് ഉള്ളത്. സ്കൂളിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് നിലനിറുത്താൻ കഴിയുന്നില്ലെങ്കിൽ ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് എൽപി വിഭാഗം മാറ്റി സ്ഥാപിക്കണമെന്ന അഭ്യർഥനയാണ് സ്കൂൾ അധിക്യതർ നഗരസഭക്ക് മുമ്പിൽ വച്ചിട്ടുള്ളത്.
ഇരിങ്ങാലക്കുട പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സെന്റ് തോമസ് പള്ളിയുടെ തെക്ക് ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1862 ൽ പള്ളിയുടെ ഉടമസ്ഥതയിൽ ആരംഭിച്ച സ്കൂൾ പിന്നീട് വാടക അടിസ്ഥാനത്തിൽ സർക്കാരിന് കൈമാറുകയായിരുന്നു. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുടയിലെ എക സർക്കാർ വിദ്യാലയമാണ് ഗവ.എൽപിഎസ് മുകുന്ദപുരം .

Please follow and like us: