ശ്രീ കൂടൽമാണിക്യ തിരുവുൽസവം ; നിറഞ്ഞ സദസ്സിൽ ” സംഗമം ” വേദിയും …

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ തിരുവുൽസവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ അവതരണത്തിനായി ക്ഷേത്രത്തിന് പുറത്ത് തെക്കേ നടയിൽ സജ്ജീകരിച്ച ” സംഗമം ” വേദിയിലെ പരിപാടികൾക്കും നിറഞ്ഞ സദസ്സ്. ഉൽസവത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പുറത്ത് വേദി ഒരുക്കിയത്. തെക്കെ നടയിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന സ്ഥലത്താണ് 1200 പേർക്ക് ഇരിക്കാവുന്ന താത്കാലിക സ്റ്റേജ് സജ്ജീകരിച്ചത്. ചില കേന്ദ്രങ്ങളിൽ നിന്ന് എതിർപ്പുകൾ ഉയർന്നിരുന്നുവെങ്കിലും ദേവസ്വം സ്റ്റേജിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. ദേവസ്വത്തിന്റെ മാണിക്യശ്രീ പുരസ്കാര ചടങ്ങ് , കേരള കലാമണ്ഡലത്തിന്റെ അംബ അംബിക അംബാലിക ന്യത്തശില്പം , തിരുവാതിരക്കളി, ന്യത്തന്യത്യങ്ങൾ അടക്കമുള്ള പരിപാടികളാണ് ഉൽസവത്തിന്റെ ആദ്യ ദിനങ്ങളിൽ സംഗമം വേദിയിൽ അരങ്ങേറിയത്. മെയ് 7 ന് വൈകീട്ട് 7 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അടക്കമുള്ള കലാകാരൻമാർ രംഗത്ത് വരുന്ന നളചരിതം കഥകളി, മെയ് 8 ന് രാത്രി 8 ന് ചലച്ചിത്രതാരം നവ്യ നായരുടെ ന്യത്തന്യത്യങ്ങൾ, മെയ് 9 ന് പോണ്ടിച്ചേരി നാട്യഗ്രാമത്തിൽ നിന്നുള്ള കളരി,തെയ്യം നൃത്ത ശിൽപം തുടങ്ങിയ പരിപാടികളും സംഗമം വേദിയിൽ അരങ്ങേറും. വിവിധോദ്ദേശ്യങ്ങൾക്കായി സ്റ്റേജും ഓഡിറ്റോറിയവും പണി കഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സ്പോൺസർമാർ തയ്യാറായാണെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കുന്നുണ്ട്.















