മൂന്ന് മാസത്തിനുള്ളിൽ പട്ടണത്തിലെ തെരുവുനായ്ക്കളെ ഷെൽട്ടറിനുള്ളിലാക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൻ

മൂന്ന് മാസത്തിനുള്ളിൽ പട്ടണത്തിലെ തെരുവുനായ്ക്കളെ ഷെൽട്ടറിനുള്ളിലാക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൻ; ഒരു മാസത്തിനുള്ളിൽ റോഡുകൾ പൂർവസ്ഥിതിയിലാക്കുമെന്നും പ്രഖ്യാപനം.

 

ഇരിങ്ങാലക്കുട : മൂന്ന് മാസത്തിനുള്ളിൽ പട്ടണത്തിലെ തെരുവുനായ്ക്കളെ ഷെൽട്ടറിനുളളിലാക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൻ. മൃഗസ്നേഹികൾക്ക് ഷെൽട്ടറിൻ്റെ പരിസരത്ത് പോയി ലാളിക്കാനുള്ള അവസരം ഉണ്ടാകുമെന്നും ചെയർമാൻ സൂചിപ്പിച്ചു. ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ പുതിയ ചെയർമാനും വൈസ്ചെയർപേഴ്സൻ ചിന്ത ധർമ്മരാജനും മാധ്യമ പ്രവർത്തകർ നൽകിയ സ്വീകരണത്തിന് മറുപടി പറയവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.നഗരസഭ പരിധിയിലെ റോഡുകൾ ഒരു മാസത്തിനുള്ളിൽ പൂർവസ്ഥിതിയിലാക്കും. നഗരസഭയ്ക്ക് ലഭിക്കുന്ന ഫണ്ടുകൾ 43 വാർഡുകൾക്കും പങ്കിട്ട് കൊടുക്കുന്നതിന് പകരം മുൻഗണനകൾ തീരുമാനിച്ച് അവ ഘട്ടം ഘട്ടമായി നടപ്പിലാക്കും. നഗരസഭ നിർവഹണ എജൻസിയാണ്. നിയമനിർമ്മാണ വേദിയല്ല. തർക്കങ്ങളുടെയും സമരങ്ങളുടെയും ആവശ്യം കൗൺസിൽ ഹാളിൻ്റെ അകത്ത് ആവശ്യമില്ല. സമരങ്ങൾ പുറത്ത് നടത്താം. പൊറത്തിശ്ശേരി മേഖല നഗരസഭയോട് കൂട്ടിച്ചേർത്തുവെങ്കിലും കാര്യമായ നിക്ഷേപങ്ങൾ അവിടെ നടന്നിട്ടില്ല. വരുമാന സർട്ടിഫിക്കറ്റുകൾ നൽകാത്തതിൻ്റെ പേരിൽ നഗരസഭ പരിധിയിലെ ആയിരത്തോളം പേരുടെ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ തടഞ്ഞ് വച്ചിരിക്കുന്നതായി വ്യക്തമായിട്ടുണ്ട്. വിഷയം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭൂരിപക്ഷമില്ലാത്ത കാലത്തും എല്ലാ അംഗങ്ങളെയും സഹകരിപ്പിച്ച് കൊണ്ട് പോകാൻ കഴിഞ്ഞിട്ടുണ്ട്. ഈ കൗൺസിലിനെ ഓർത്ത് ആർക്കും തല കുനിക്കേണ്ട അവസ്ഥ ഉണ്ടാകില്ലെന്ന് ചെയർമാൻ വ്യക്തമാക്കി. ചെയർമാൻ്റെ വികസന നയങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി കൂടെ ഉണ്ടാകുമെന്ന് വൈസ് ചെയർപേഴ്സൻ പറഞ്ഞു. ക്ലബ് പ്രസിഡൻ്റ് ഷോബി കെ പോൾ അധ്യക്ഷത വഹിച്ചു. വി ആർ സുകുമാരൻ, ടി ജി സിബിൻ, കെ കെ ചന്ദ്രൻ, രാജീവ് മുല്ലപ്പിള്ളി, കെ എ റിയാസുദ്ദീൻ, നവീൻ ഭഗീരഥൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അഞ്ജുമോൻ വെള്ളാനിക്കാരൻ സ്വാഗതവും ട്രഷറർ സി കെ രാഗേഷ് നന്ദിയും പറഞ്ഞു

Please follow and like us: