ഒന്നര വർഷം കൊണ്ട് തൃശ്ശൂർ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നിർമ്മാണം പൂർത്തീകരിച്ചത് ഒരു പ്രവർത്തി മാത്രമെന്ന് വിവരാകാശ രേഖ
- തൃശ്ശൂർ: തൃശ്ശൂർ എം.പി സുരേഷ്ഗോപി ക്ക് പ്രാദേശിക വികസന ഫണ്ടായി 3 – 11 – 25 വരെ 10 കോടി രൂപ അനുവദിക്കപ്പെട്ടുവെങ്കിലും ഒന്നര വർഷം കൊണ്ട് മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ 1680000 (പതിനാറ് ലക്ഷത്തി എൻപതിനായിരം രൂപ) യുടെ ഒരു റോഡ് കോൺക്രീറ്റ് പ്രവർത്തി മാത്രമാണ് പൂർത്തീകരിക്കപ്പെട്ടതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. എം.പി ഫണ്ട് അവലോകനം ചെയ്യുന്നതിനായി ഇക്കാലയളവിൽ 4 തവണ യോഗം ചേർന്നെങ്കിലും ഒരു യോഗത്തിൽ പോലും എം.പി പങ്കെടുത്തിട്ടില്ല. പ്രാദേശിക വികസന ഫണ്ട് അനുവദിക്കുന്നതിൽ ജില്ലാ പഞ്ചായത്ത് കാട്ടൂർ ഡിവിഷനിൽ ഉൾപ്പെടുന്ന കാറളം , കാട്ടൂർ, പടിയൂർ ഉൾപ്പടെ ഭൂരിഭാഗം പഞ്ചായത്തുകളെയും അവഗണിച്ചതായി സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി. മണിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ തൃശ്ശൂർ ജില്ലാ പ്ലാനിംഗ് ഓഫീസ് വ്യക്തമാക്കുന്നു.വികസനത്തിൻ്റെ വായ്ത്താരി മുഴക്കി തെരഞ്ഞെടുപ്പിനെ ബിജെപി നേരിടുമ്പോൾ ഈ യാഥാർത്ഥ്യം തിരിച്ചറിയണമെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടേറിയറ്റ് യോഗം അഭ്യർത്ഥിച്ചു. യോഗത്തിൽ ജില്ലാ എക്സി. അംഗം പി. മണി , മണ്ഡലം സെക്രട്ടറി എൻ. കെ ഉദയപ്രകാശ്, ജില്ലാ കൗൺസിൽ അംഗങ്ങളായ കെ. ശ്രീകുമാർ, അഡ്വ. പി. ജെ. ജോബി, എ . എസ് ബിനോയ് എന്നിവർ സംസാരിച്ചു.















