ഓൺലൈൻ ഷെയർ ട്രേഡിങ്ങിൻ്റെ മറവിൽ കല്ലേറ്റുംകര സ്വദേശിയിൽ നിന്നും ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ
ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗിൻ്റെ മറവിൽ കല്ലേറ്റുംകര താക്കോൽക്കാരൻ വീട്ടിൽ രാജു (61) വിൽ നിന്നും ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കോയമ്പത്തൂർ മരുതംനഗർ സ്വദേശി സഞ്ജയിനെ (26) ഇരിങ്ങാലക്കുട റൂറൽ പോലീസ് സംഘം അറസ്റ്റ് ചെയ്തു.ഉയർന്ന ലാഭവിഹിതം തരുന്ന ഒരു പരസ്യവും ലിങ്കും കണ്ട് പരാതിക്കാരൻ ലിങ്ക് ക്ലിക്ക് ചെയ്തതിനെ തുടർന്ന് ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുകയും ഈ ഗ്രൂപ്പിലൂടെയും വിവിധ മൊബൈൽ നമ്പറുകളിലൂടെ വിളിച്ച് പറഞ്ഞ് ആപ്പിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ച് വൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് 2025 ജനുവരി , ഫെബ്രുവരി മാസങ്ങളിൽ കല്ലേറ്റുംകര സ്വദേശിയുടെ ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും നിന്നും പല തവണകളായി 1,06,75,000 രൂപ നിക്ഷേപം നടത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.തട്ടിയെടുത്ത പണത്തിൽ നിന്നും 21,52,000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി പ്രതികൾക്ക് എടുത്തുനൽകി കമ്മീഷൻ കൈപറ്റിയതിനാണ് കോയമ്പത്തൂർ സ്വദേശിയെ അറസ്റ്റ് ചെയ്തത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിൻ്റെ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുജിത്ത്.പി.എസ്,സബ്ബ് ഇൻസ്പെക്ടർ ജെസ്റ്റിൻ വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസർ ശ്രീയേഷ് സി എസ്സ്, ടെലി കമ്മ്യൂണിക്കേഷൻ സിവിൽ പോലീസ് ഓഫീസർ ശ്രീനാഥ് ടി പി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.















