ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കിയ കാലഘട്ടമാണ് ഈ സർക്കാരിൻ്റെതെന്ന് മന്ത്രി വീണാ ജോർജ് ; ജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച ഡയാലിസിസ് സെൻ്റർ നാടിന് സമർപ്പിച്ചു.
ഇരിങ്ങാലക്കുട : ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കിയ കാലഘട്ടമാണ് ഈ സർക്കാരിന്റേതെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെയും ഓൺലൈനായി
പൊറത്തിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒ. പി ബ്ലോക്കിന്റെയും കാറളം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വെള്ളാനി സബ്ബ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.
മൂന്ന് കോടി 98 ലക്ഷം രൂപ ചെലവിട്ടാണ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് കെട്ടിടം നിർമിച്ചത്. ഒരു കോടി 29 ലക്ഷം രൂപ ഉപയോഗിച്ചാണ് ഡയാലിസിസ് സെന്ററിൽ ഡയാലിസിസ് മെഷിനും അനുബന്ധ ഉപകരണങ്ങളും സജ്ജമാക്കിയിരിക്കുന്നത്.
15.50 ലക്ഷം ചെലവിലാണ് പൊറത്തിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒ. പി ബ്ലോക്ക്, ഏഴു ലക്ഷം ചെലവിലാണ്
കാറളം ഗ്രാമപഞ്ചായത്തിലെ വെള്ളാനി സബ് സെന്റർ ഒരുക്കിയിട്ടുള്ളത്.
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ കെ റീന, ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ. ടി പി ശ്രീദേവി, ജില്ലാ പ്രോഗ്രാം മാനേജർ ആരോഗ്യ കേരളം ഡോ. പി.സജീവ് കുമാർ, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അംബിക പള്ളിപ്പുറത്ത്, ഫെനി എബിൻ വെള്ളാനിക്കാരൻ, സി. സി.ഷിബിൻ, ജെയ്സൺ പാറേക്കാടൻ, ജില്ലാ പഞ്ചായത്ത് വാർഡ് മെമ്പർ ഷീല ജയഘോഷ്, വാർഡ് കൗൺസിലർ പി ടി ജോർജ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം ജി ശിവദാസ്, ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.