മാനസികാസ്വാസ്ഥ്യമുള്ള പുല്ലൂർ തുറവൻകാട് സ്വദേശിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട : പുല്ലൂർ ഗാന്ധിഗ്രാം സ്വദേശി എലമ്പലക്കാട്ട് വീട്ടിൽ അനിത് കുമാർ (50 വയസ്സ് )എന്നയാളെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് പുല്ലൂർ തുറവൻകാട് സ്വദേശി തേക്കൂട്ട് വീട്ടിൽ സനീഷ് (38 വയസ്സ്), പുല്ലൂർ തുറവൻകാട് സ്വദേശി മരോട്ടിച്ചോട്ടിൽ വീട്ടിൽ അഭിത്ത് (35 വയസ്സ്) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 29 ന് രാത്രി 9 മണിയോടെ ആയിരുന്നു സംഭവം.കഴിഞ്ഞയാഴ്ച അനിത് കുമാർ റോഡിലൂടെ അസഭ്യം പറഞ്ഞ് പോകുന്നത് കണ്ട് സനീഷ് ചോദ്യം ചെയ്യുകയും ഇരുവരും വാക്കു തർക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യത്താലാണ് ഗാന്ധിഗ്രാം എൻ.എസ്.എസ്. കരയോഗത്തിന് സമീപം വെച്ചാണ് പ്രതികൾ അനിത് കുമാറിനെ അടിച്ചും ഇടിച്ചും ചവിട്ടിയും ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ അനിത് കുമാർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യു വിൽ ചികിത്സയിലാണ്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ് സബ്ബ് ഇൻസ്പെക്ടർമാരായ പ്രിജു, സോജൻ, റാഫി, സിവിൽ പോലീസ് ഓഫീസർമാരായ സുജിത്ത് , രഞ്ജിത്ത്, അൻവറുദ്ദീൻ, ഗോപകുമാർ, സതീശ്, അഭിലാഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.