മന്ത്രിയുടെ പ്രസ്താവനയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബഹളം; മന്ത്രി കൗൺസിലിനെ അധിക്ഷേപിച്ചതായി ഭരണപക്ഷം; കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിൽ നഗരസഭ വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷം

മന്ത്രിയുടെ പ്രസ്താവനയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബഹളം; മന്ത്രി കൗൺസിലിനെ അധിക്ഷേപിച്ചതായി ഭരണപക്ഷം; കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിൽ നഗരസഭ വീഴ്ച വരുത്തിയതായി പ്രതിപക്ഷം.

ഇരിങ്ങാലക്കുട : ഠാണാ-ചന്തക്കുന്ന് റോഡ് വികസനത്തിൻ്റെ കാലതാമസത്തിന് ഉത്തരവാദി നഗരസഭയാണെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ വിശദീകരണത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബഹളം. നിശ്ചിത വിഷയങ്ങളുടെ ചർച്ചകൾക്കിടയിൽ കരുവന്നൂർ പ്രദേശത്ത് ആറ് മാസങ്ങളായി കുടിവെള്ളക്ഷാമമാണെന്നും നഗരസഭ ഇടപെടണമെന്നുമുള്ള എൽഡിഎഫ് അംഗം കെ പ്രവീണിൻ്റെ ആവശ്യത്തെ ചൊല്ലിയുള്ള ചർച്ചയാണ് വിഷയത്തിൽ എത്തിച്ചത്. കെഎസ്ടിപി യും നഗരസഭയും വാട്ടർ അതോറിറ്റിയും പരസ്പരം പഴി ചാരി രക്ഷപ്പെടുകയാണെന്ന് പ്രവീൺ പറഞ്ഞു. കെഎസ്ടിപി യുടെ അശാസ്ത്രീയ നിർമ്മാണങ്ങളാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ചെയർപേഴ്സൺ പറഞ്ഞു. തുടർന്ന് സംസാരിച്ച ഭരണകക്ഷി അംഗം ടി വി ചാർലി കഴിഞ്ഞ ദിവസം ഠാണാ- ചന്തക്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസ്താവന കൗൺസിലിനെ അധിക്ഷേപിക്കുന്നതായെന്ന് കുറ്റപ്പെടുത്തി. നഗരസഭയുടെ അധീനതയിൽ ഉള്ള കെട്ടിടങ്ങൾ സമയബന്ധിതമായി പൊളിച്ച് നീക്കിയിട്ടുണ്ടെന്നും റോഡ് വികസന പദ്ധതിക്ക് അനുവാദം കിട്ടിയിട്ടില്ലെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ചെയർപേഴ്സൺ പറഞ്ഞു. തുടർന്ന് സംസാരിച്ച എൽഡി എഫ് അംഗങ്ങളായ അഡ്വ കെ ആർ വിജയ , സി സി ഷിബിൻ എന്നിവർ പദ്ധതി യാഥാർഥ്യമാക്കിയത് ഈ സർക്കാർ ആണെന്നും പദ്ധതി വൈകിപ്പിക്കാനാണ് ചിലർ ശ്രമിച്ചതെന്നും പട്ടണത്തിലെ ഒരു റോഡ് പോലും സഞ്ചാരയോഗ്യമാക്കാൻ കഴിയാത്തവരാണ് ഇപ്പോൾ ആരോപണങ്ങളുമായി രംഗത്ത് വരുന്നതെന്നും കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിൽ നഗരസഭ വീഴ്ച വരുത്തിയെന്നും പറഞ്ഞു. വിഷയത്തിൽ ഇരു കക്ഷികളിൽ നിന്നുമുള്ള അംഗങ്ങൾ ഇടപെട്ടതോടെ യോഗം പതിനഞ്ച് മിനിറ്റ് നേരത്തേക്ക് വാഗ്വാദങ്ങളിൽ മുങ്ങി.

പട്ടണത്തിലെ തകർന്ന് കിടക്കുന്ന റോഡുകളെക്കുറിച്ചും അലങ്കോലമായി തുടരുന്ന അയ്യങ്കാവ് മൈതാനത്തെക്കുറിച്ച് വിശദീകരണം വേണമെന്ന എൽഡിഎഫ്, ബിജെപി അംഗങ്ങളുടെ ആവശ്യങ്ങളോടെയാണ് യോഗം ആരംഭിച്ചത്. മഴ മാറിയാൽ ഉടൻ നല്ല രീതിയിൽ മൈതാനം പുനസ്ഥാപിക്കുമെന്ന് യോഗാവസാനത്തിൽ ചെയർപേഴ്സൺ മറുപടി നൽകി. കെഎൽഡിസി കനാലിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് അംഗം അൽഫോൺസ തോമസും തൻ്റെ വാർഡിൽ ഉള്ള വെൽനെസ്സ് സെൻ്ററിലെ ശുചീകരണതൊഴിലാളികൾക്ക് മൂന്ന് മാസങ്ങളായി ശമ്പളം കിട്ടിയില്ലെന്ന് ബിജെപി അംഗം അമ്പിളി ജയനും യോഗത്തിൽ പറഞ്ഞു.

യോഗത്തിൽ ചെയർപേഴ്സൺ മേരി ക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എം ആർ ഷാജു, ടി കെ ജയാനന്ദൻ, ടി കെ ഷാജു, ബിജു പോൾ അക്കരക്കാരൻ, നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക്ക് തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.

Please follow and like us: