സ്വകാര്യ ബസ്സ് ജീവനക്കാരുടെ ” മിന്നൽ ” പിൻവലിച്ചുവെങ്കിലും സർവീസ് നടത്തിയത് എതാനും ബസ്സുകൾ മാത്രം; പൊതുജനങ്ങളുടെ പരാതിയിലാണ് ജീവനക്കാരുടെ പേരിൽ കേസ്സുകൾ എടുത്തിട്ടുള്ളതെന്നും നടപടികൾ തുടരുമെന്നും ഗുണ്ടായിസം അംഗീകരിക്കാൻ കഴിയില്ലെന്നും പോലീസ്; പതിനൊന്ന് കൂടുതൽ സർവീസുകളോടെ യാത്രക്കാർക്ക് ആശ്രയമായി കെഎസ്ആർടിസി
ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സ് ജീവനക്കാരുടെ “മിന്നൽ ” സമരം ഉച്ചയോടെ പിൻവലിച്ചുവെങ്കിലും സർവീസ് നടത്തിയത് ഏതാനും ബസ്സുകൾ മാത്രം. കഴിഞ്ഞ മാസം കരുവന്നൂർ വലിയ പാലം പരിസരത്ത് ഗതാഗത നിയന്ത്രണങ്ങൾ തെറ്റിച്ച് വന്ന വാഹനവുമായി ബന്ധപ്പെട്ട് ലക്ഷ്മി ബസ്സിലെ ജീവനക്കാരും നാട്ടുകാരുമായി ഉണ്ടായ സംഘർഷത്തിൻ്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് എതിരെ പോലീസ് കേസ്സെടുത്തതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച യാത്രക്കാരെ ദുരിതത്തിലാക്കി ജീവനക്കാർ മിന്നൽ സമരം നടത്തിയത്. സമരം ഉച്ചയോടെ പിൻവലിച്ചതായി അറിയിപ്പ് വന്നെങ്കിലും തൊണ്ണൂറ് ശതമാനം ബസ്സുകളും സർവീസ് പുനരാരംഭിച്ചിട്ടില്ലെന്ന് ബസ്സുടമകൾ തന്നെ പറഞ്ഞു. അതേ സമയം പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് കേസ്സുകളാണ് പോലീസ് എടുത്തിട്ടുള്ളതെന്നും നിയമ നടപടികൾ തുടരുമെന്നും പരാതിക്ക് ആസ്പദമായി വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ഉണ്ടെന്നും എതാനും ജീവനക്കാരുടെ ഗുണ്ടായിസം അംഗീകരിക്കാൻ കഴിയില്ലെന്നും പോലീസ് അധികൃതർ അറിയിച്ചു. ആരെയും ചർച്ചയ്ക്ക് വിളിച്ചിരുന്നില്ലെന്നും തങ്ങൾ അറിയാതെ എതാനും പേർ സമരം തുടങ്ങി വച്ചതാണെന്നും സമരം പിൻവലിക്കുകയാണെന്നും ജീവനക്കാർ തന്നെ അറിയിച്ചതായും പോലീസ് വ്യത്തങ്ങൾ അറിയിച്ചു. അതേ സമയം റൂട്ടിൽ കൂടുതൽ സർവീസുകൾ നടത്തി കെഎസ്ആർടിസി യാത്രക്കാർക്ക് തുണയായി. തൃശ്ശൂരിൽ നിന്നും മൂന്നും കൊടുങ്ങല്ലൂരിൽ നിന്ന് ആറും ഇരിങ്ങാലക്കുടയിൽ നിന്ന് രണ്ടും ബസ്സുകൾ തന്നെ തുടർച്ചയായി സർവീസുകൾ നടത്തിയതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.