ശ്രീകൂടൽമാണിക്യക്ഷേത്രതിരുവുൽസവത്തിന് മെയ് 8 ന് കൊടിയേറ്റും; തിരുവുൽസവ ബ്രോഷർ പ്രകാശനം ചെയ്തു.
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2025 ലെ തിരുവുൽസവം മെയ് 8 ന് കൊടിയേറി 18 ന് രാപ്പാൾ ആറാട്ടുകടവിൽ ആറാട്ടോടെ ആഘോഷിക്കും. 8 ന് രാത്രി 8.10 നും 8.40 നും മധ്യേ ഉൽസവത്തിന് കൊടിയേറ്റും. സാംസ്കാരിക സമ്മേളനം , സംഗീതാർച്ചന, നൃത്തനൃത്യങ്ങൾ, ഭരതനാട്യം, ക്ലാസ്സിക്കൽ ഡാൻസ്, തിരുവാതിരക്കളി, ശീവേലി, വിളക്ക്, മോഹിനിയാട്ടം, ശാസ്ത്രീയനൃത്തം, സ്വരലയ സംഗമം, തോൽപ്പാവകൂത്ത്, വില്ലിൻമേൽ തായമ്പക,വിൽക്കഥാമേള, കഥകളി, കുച്ചിപ്പുടി, അഷ്ടപദി,വയലിൻ കച്ചേരി, പൂതപ്പാട്ട്, നൃത്ത സമന്വയം, കേരളനടനം, പള്ളിവേട്ട, ആറാട്ട് എന്നിവയാണ് പ്രധാന പരിപാടികൾ. പത്ത് ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ രണ്ട് വേദികളിലായി 3200 ൽ പരം കലാകാരൻമാർ പങ്കാളികളാകും. ഉൽസവ പരിപാടികൾ ഉൾക്കൊള്ളിച്ചിട്ടുള്ള ബ്രോഷറിൻ്റെ പ്രകാശനം ക്ഷേത്രം കിഴക്കേ നടയിലെ വേദിയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പ്രകാശനം ചെയ്തു . ക്ഷേത്രത്തിൻ്റെ ചരിത്ര സാന്ദ്രതയും പൗരാണികതയും വരും തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നതോടൊപ്പം ആധുനിക സമൂഹത്തിന് അനുയോജ്യമായ നിലപാടുകൾ ഇണക്കി ചേർക്കുക എന്നത് ഉത്തരവാദിത്വബോധമുള്ള സമൂഹത്തിൻ്റെ കടമയാണെന്ന് മന്ത്രി പറഞ്ഞു.തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് എറ്റുവാങ്ങി. ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ രാഘവൻ മുളങ്ങാടൻ, ഡോ മുരളി ഹരിതം , അഡ്വ കെ ജി അജയ്കുമാർ, വി സി പ്രഭാകരൻ, കെ ബിന്ദു, അഡ്മിനിസ്ട്രേറ്റർ കെ ഉഷാ നന്ദിനി എന്നിവർ സംസാരിച്ചു.