കൂടൽമാണിക്യക്ഷേത്രത്തിലെ കഴക പ്രവൃത്തിയിലേക്ക് ഈഴവ സമുദായാംഗം ; നിയമനം സംബന്ധിച്ച അഡ്വൈസ് മെമ്മോ ദേവസ്വത്തിൽ ലഭിച്ചു; ഭരണ സമിതി യോഗത്തിന് ശേഷം ചേർത്തല സ്വദേശി അനുരാഗിന് നിയമന ഉത്തരവ് അയച്ച് കൊടുക്കുമെന്ന് ദേവസ്വം അധികൃതർ

കൂടൽമാണിക്യ ക്ഷേത്രത്തിലെ കഴകനിയമനം; കഴക പ്രവൃത്തിയിലേക്ക് ഈഴവ സമുദായാംഗം ; നിയമനം സംബന്ധിച്ച അഡ്വൈസ് മെമ്മോ ദേവസ്വത്തിൽ ലഭിച്ചു; ഭരണസമിതി യോഗം ചേർന്നതിന് ശേഷം ചേർത്തല സ്വദേശി അനുരാഗിന് നിയമന ഉത്തരവ് അയക്കുമെന്ന് ദേവസ്വം

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിൽ ജാതി വിവേചനത്തെ തുടർന്ന് രാജി വച്ച കഴകം ജീവനക്കാരൻ ആര്യനാട് സ്വദേശി ബാലുവിൻ്റെ ഒഴിവിലേക്കുള്ള നിയമനം സംബന്ധിച്ച ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അഡ്വൈസ് മെമ്മോ കൂടൽമാണിക്യം ദേവസ്വത്തിൽ കഴിഞ്ഞ ദിവസം ലഭിച്ചു. ചേർത്തല കളവംകോടം ഉത്രാടം വീട്ടിൽ കെ എസ് അനുരാഗിനാണ് (23) കഴക്കാരൻ്റെ ഒഴിവിലേക്ക് ഉത്തരവ് ലഭിച്ചിരിക്കുന്നത്. പാരമ്പര്യ അവകാശത്തിൻ്റെ കാര്യം ചൂണ്ടിക്കാട്ടി തന്ത്രിമാരും വാരിയർ സമാജവും ഈഴവ സമുദായാംഗമായ ബാലുവിൻ്റെ നിയമനത്തിന് എതിരെ രംഗത്ത് വരികയും തന്ത്രിമാർ ദേവസ്വത്തിന് കത്ത് നൽകുകയും പ്രതിഷ്ഠാദിന ചടങ്ങുകൾ മുടങ്ങുമെന്ന ഭീതി ജനിച്ചതോടെ കഴകം പ്രവൃത്തിയിൽ നിന്നും ബാലുവിനെ ദേവസ്വം ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ സർക്കാരിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് ഇതിനകം അവധിയിൽ പ്രവേശിച്ച ബാലുവിനെ കഴക പ്രവൃത്തിയിലേക്ക് തിരികെ പ്രവേശിപ്പിക്കുമെന്ന് സർക്കാരും ദേവസ്വവും പ്രഖ്യാപിച്ചുവെങ്കിലും രണ്ടാമതും അവധിയിൽ പോയ ബാലു തിരികെ ജോലിക്ക് എത്താതെ എപ്രിൽ 2 ന് രാജി വയ്ക്കുകയായിരുന്നു. റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ റാങ്ക് ലിസ്റ്റിൽ നിന്നും ഓപ്പൺ കാറ്റഗറിയിലായിരുന്നു ബാലുവിൻ്റെ നിയമനം. അടുത്ത നിയമനം കമ്മ്യൂണിറ്റി മെരിറ്റിൽ നിന്നായതിനാൽ റാങ്ക് ലിസ്റ്റിൽ ഉള്ള ഈഴവ സമുദായാംഗമായ അനുരാഗിനാണ് നിയമന ഉത്തരവ് ലഭിച്ചിരിക്കുന്നത്. അനുരാഗിൻ്റെ നിയമനം സംബന്ധിച്ച അഡ്വൈസ് മെമ്മോ ദേവസ്വം ഭരണസമിതി അംഗീകരിച്ചാൽ ഉടൻ രേഖകൾ സഹിതം 15 ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ട് നിയമന ഉത്തരവ് അയക്കുമെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഭരണസമിതി യോഗം ചേരുമെന്ന് തന്നെയാണ് സൂചന.

നിയമന ഉത്തരവ് ലഭിച്ചാൽ ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നും നിയമനം ദൈവാനുഗ്രഹമായിട്ടാണ് കാണുന്നതെന്നും ജാതി തടസ്സം ആകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇപ്പോൾ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അനുരാഗ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

Please follow and like us: