സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുനാൾ ജനുവരി 6, 7, 8 തീയതികളിൽ ; മൂന്നിന് തിരുനാളിന് കൊടിയേറ്റും ….

സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുനാൾ ജനുവരി 6, 7, 8 തീയതികളിൽ ; മൂന്നിന് തിരുനാളിന് കൊടിയേറ്റും ….

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുനാൾ ജനുവരി 6, 7, 8 തീയതികളിൽ ആഘോഷിക്കും. ജനുവരി 3 ന് രാവിലെ ആറു മണിയുടെ ദിവ്യബലിക്കു ശേഷം കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് തിരുനാളിന് കൊടിയേറ്റും. വ്യാഴാഴ്ച വൈകീട്ട് 6.30 ന് കത്തീഡ്രല്‍ അങ്കണത്തിലെ അലങ്കരിച്ച പിണ്ടിയില്‍ തിരി തെളിയിക്കും. തുടര്‍ന്ന് മതസൗഹാര്‍ദ്ദ കൂട്ടായ്മ. വെള്ളിയാഴ്ച വൈകീട്ട് ആറിന് പ്രവാസികൂട്ടായ്മ. ഏഴിന് പള്ളിയുടെ ദീപാലങ്കാരങ്ങളുടേയും, പ്രവാസികൂട്ടായ്മ ഒരുക്കുന്ന പ്രവാസിപന്തലിന്റേയും, പള്ളിയുടെ തെക്കേ നടയിലെയും കിഴക്കേ നടയിലും ഒരുക്കിയിട്ടുള്ള ബഹുനിലപന്തലുകളുടേയും സ്വിച്ച് ഓണ്‍ കര്‍മ്മം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ ഐപിഎസ് നിര്‍വഹിക്കും. രാത്രി 7.30 ന് കത്തീഡ്രല്‍ അങ്കണത്തില്‍ 101 കലാകാരന്മാരുടെ പിണ്ടിമേളം ഉണ്ടായിരിക്കും. ശനിയാഴ്ച്ച വൈകീട്ട് 5.30 ന് നൊവേന, ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് പള്ളി ചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ച് വയ്ക്കല്‍, നേര്‍ച്ച വെഞ്ചിരിപ്പ്. ശനിയാഴ്ച്ച രാവിലെ 7.15 ന്റെ ദിവ്യബലിക്കു ശേഷവും തിങ്കളാഴ്ച രാവിലെ ആറ് മണിയുടെയും ദിവ്യബലിക്കു ശേഷവും അമ്പ് സമുദായങ്ങളിലേക്കും, അവിടെനിന്ന് വീടുകളിലേക്കും അമ്പ് എഴുന്നള്ളിപ്പ്. ശനിയാഴ്ച്ച രാത്രി 8.00 മണിക്ക് ശേഷവും, തിങ്കളാഴ്ച്ച രാവിലെ മുതല്‍ രാത്രി വരേയും വിവിധ അമ്പുസമുദായങ്ങളില്‍ നിന്നും പള്ളിയിലേക്ക് അമ്പ് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ ഞായറാഴ്ച്ച രാവിലെ 10.30 ന്റെ ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയ്ക്കു ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തിരുനാള്‍ ദിവസം രാവിലെ 5.30നും, 7.30 നും, ഉച്ചകഴിഞ്ഞ് 2.00 മണിക്കും കത്തീഡ്രലിലും രാവിലെ 6.30 നും 9.00 മണിക്കും സ്പിരിച്ച്വാലിറ്റി സെന്ററിലും ദിവ്യബലി ഉണ്ടായിരിക്കും. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയുടെ ദിവ്യബലിക്കു ശേഷം മൂന്നു മണിക്ക് തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കുന്നു. വൈകീട്ട് ഏഴിന് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും. തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. പയസ് ചെറപ്പണത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. ട്രസ്റ്റിമാരായ ആന്റണി ജോണ്‍ കണ്ടംകുളത്തി, ലിംസണ്‍ ഊക്കന്‍, ജോബി അക്കരക്കാരന്‍, ബ്രിസ്റ്റോ വിന്‍സന്റ് എലുവത്തിങ്കല്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റോബി കാളിയങ്കര, ജോ. കണ്‍വീനര്‍മാരായ ജോസ് മാമ്പിള്ളി, സെബി അക്കരക്കാരന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോമോന്‍ തട്ടില്‍ മണ്ടി, ജോ. കണ്‍വീനര്‍ സാബു ജോര്‍ജ്ജ് ചെറിയാടന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Please follow and like us: