14 -മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിന് തിരി തെളിഞ്ഞു; പല്ലാവൂർ , തൃപ്പേക്കുളം പുരസ്കാരങ്ങൾ പയ്യന്നൂർ കൃഷ്ണമണിമാരാർക്കും കുമ്മത്ത് രാമൻകുട്ടിക്കും പത്മ ജ്യോതി പുരസ്കാരങ്ങൾ സുകന്യ രമേഷിനും മേതിൽ ദേവികയ്ക്കും സമർപ്പിച്ചു …
ഇരിങ്ങാലക്കുട : സംഗമേശ സന്നിധിയിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ പല്ലാവൂർ സമിതിയുടെ പല്ലാവൂർ, തൃപ്പേക്കുളം, പത്മ ജ്യോതി പുരസ്കാരങ്ങൾ സമർപ്പിച്ചു. കിഴക്കേ ഗോപുരനടയിലെ പ്രത്യേക വേദിയിൽ കൂടിയാട്ട കുലപതി വേണുജി 14 -മത് ദേശീയ പല്ലാവൂർ താളവാദ്യമഹോൽസവം ഉദ്ഘാടനം ചെയ്തു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. തുടർന്ന് ഈ വർഷത്തെ പല്ലാവൂർ ഗുരുസ്മൃതി പുരസ്കാരം പയ്യന്നൂർ കൃഷ്ണമണിമാരാരും തൃപ്പേക്കുളം പുരസ്കാരം കൊമ്പ് വാദ്യാചാര്യ കുമ്മത്ത് രാമൻകുട്ടിയും എറ്റ് വാങ്ങി. നർത്തകിയും നടിയുമായിരുന്ന പത്മിനി രാമചന്ദ്രന്റെ സ്മരണനാർത്ഥം മകൻ പ്രേം രാമചന്ദ്രൻ എർപ്പെടുത്തിയ പത്മ ജ്യോതി പുരസ്കാരങ്ങൾ നടിയും നർത്തകിയുമായ സുകന്യ രമേഷിനും നർത്തകിയായ ഡോ മേതിൽ ദേവികയ്ക്കും സമർപ്പിച്ചു. കേരള കലാമണ്ഡലം മുൻ ഡെപ്യൂട്ടി രജിസ്ട്രാർ വി കലാധരൻ മുഖ്യ പ്രഭാഷണം നടത്തി. പല്ലാവൂർ അപ്പുമാരാർ സ്മാരകവാദ്യ ആസ്വാദക സമിതി രക്ഷാധികാരി കലാമണ്ഡലം ശിവദാസ് സ്വാഗതവും സെക്രട്ടറി കണ്ണമ്പിള്ളി ഗോപകുമാർ നന്ദിയും പറഞ്ഞു.















