എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; സി ആർ കേശവൻവൈദ്യർ സ്മാരക പുരസ്കാരം ” ഖിഡ്കി ഗാവി ” നും മോഹൻ സ്മാരക പുരസ്കാരം ” മോഹ ” ത്തിനും; ” കാത്തിരിപ്പി” ന് പ്രത്യേക ജൂറി പരാമർശം
ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എർപ്പെടുത്തിയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള സി ആർ കേശവൻവൈദ്യർ സ്മാരക പുരസ്ക്കാരത്തിന് സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ” ഖിഡ്ഗി ഗാവും ” നവാഗത പ്രതിഭയ്ക്കുള്ള മോഹൻ സ്മാരക പുരസ്ക്കാരത്തിന് ” മോഹം” സംവിധാനം ചെയ്ത ഫാസിൽ റസാഖും അർഹരായി. ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ സി എസ് വെങ്കിടേശ്വരൻ, കവി പി എൻ ഗോപീകൃഷ്ണൻ , അധ്യാപകനും തിരക്കഥാകൃത്തുമായ ഡോ രാജേന്ദ്രബാബു എന്നിവർ അടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 25000 രൂപയും മൊമെൻ്റോയും അടങ്ങുന്നതാണ് പുരസ്കാരം. നിപിൻ നാരായണൻ സംവിധാനം ചെയ്ത കാത്തിരിപ്പിന് ജൂറിയുടെ പ്രതേക പരാമർശം ലഭിച്ചു.
ഡൽഹി എന്ന മഹാനഗരത്തിൽ സ്വന്തം ജീവിതവും ജീവനവും പ്രണയവും കണ്ടെക്കാൻ ശ്രമിക്കുന്ന യുവകമിതാക്കളടെ ബന്ധത്തിലെ എറ്റിറക്കങ്ങളെ സങ്കീർണ്ണവും വികാര തീവ്രവുമായി ആവിഷ്ക്കരിക്കാൻ ” ഖിഡ്ഗി ഗാവി ” നും മോട്ടോർ ബൈക്കുകളോട് കുട്ടിക്കാലം മുതൽ ഒരു പെൺകുട്ടിക്കുള്ള പ്രണയം പ്രതിപാദിക്കുന്ന ” മോഹം ” മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ കൊണ്ട് ശ്രദ്ധേയമാണെന്നും മനുഷ്യ മനസ്സികളുടെയും ബന്ധങ്ങളുടെയും ലോലമായ അവസ്ഥകളിലൂടെയുള്ള സഞ്ചാരത്തെ ഭാവപൂർണ്ണമായ അഭിനയത്തിലൂടെയും സംഭാഷണ സന്ദർഭ രചനയിലൂടെയും ” കാത്തിരിപ്പ് ” ആവിഷ്ക്കരിക്കുന്നുണ്ടെന്നും ജൂറി വിലയിരുത്തി. ഫെബ്രുവരി 21 മുതൽ 28 ഇരിങ്ങാലക്കുട മാസ് മൂവീസിലും റോട്ടറി ക്ലബ് മിനി എസി ഹാളിലുമായി നടക്കുന്ന ചലച്ചിത്രമേളയിൽ വച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.















