ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ആളൂർ സ്വദേശിയായ വയോധികനിൽ നിന്നും 78 ലക്ഷം തട്ടിയ കേസിൽ കാറളം, നാട്ടിക, ത്യപ്രയാർ സ്വദേശികൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട : വാട്സ്ആപ്പ് വഴി ഷെയർ ട്രേഡിംഗ് ഗ്രൂപ്പുകളിൽ ചേർത്ത് വൻ ലാഭം വാഗ്ദാനം ചെയ്ത് ആളൂർ സ്വദേശിയായ വയോധികനിൽ നിന്ന് 78 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിൽ കാറളം വെള്ളാനി കായം പുറത്ത് വീട്ടിൽ ആഗ്നേയ് പ്രസാദ് ( 30 വയസ്സ്), നാട്ടിക പണിക്കശ്ശേരി എടക്കാട്ട് വീട്ടിൽ സുധീഷ് (43 വയസ്സ്), തൃപ്രയാർ പുന്നപ്പിള്ളി വീട്ടിൽ കാർത്തിക് (32 വയസ്സ്) എന്നിവരെ അറസ്റ്റ് ചെയ്തു.
ആഗ്നേയ് പ്രസാദ്, കാർത്തിക് എന്നിവരെ തൃപ്രയാറിൽ നിന്നും സുധീഷിനെ കാക്കാതുരുത്തി എന്ന സ്ഥലത്തു നിന്നുമാണ് പിടികൂടിയത്.
‘പ്രൈമറി ഡീമാറ്റ് ട്രേഡിംഗ്’ എന്ന പേരിൽ വാട്സ്ആപ്പിലൂടെ സന്ദേശങ്ങൾ അയക്കുകയും വ്യാജ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗ് ഗ്രൂപ്പിൽ അംഗമാക്കിയും വിപണിയിലെ പ്രൈമറി ട്രേഡിംഗിൽ പങ്കെടുത്താൽ വലിയ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് 78,22,010/- രൂപ തട്ടിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് ബി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുജിത്ത് പി എസ്, സബ്ബ് ഇൻസ്പെക്ടർമാരായ ആൽബി തോമസ് വർക്കി, ആന്റണി പി ടി, സി പി ഒ അജിത്ത് വി എസ്, ഡ്രൈവർ സി പി ഒ അനന്ദു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.















