ആരോഗ്യത്തിൻ്റെയും ലഹരി വിരുദ്ധ സന്ദേശത്തിൻ്റെയും പ്രഖ്യാപനമായി വനിതകളുടെ മിനി മാരത്തോൺ സെൻ്റ് ജോസഫ്സ് കോളജിൽ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ സംഘടിപ്പിച്ച ‘ഫിറ്റ് 4 ലൈഫ് – സീസൺ 2 പരിപാടിയുടെ ഭാഗമായി നടന്ന വനിതാ മിനി മാരത്തോൺ ആരോഗ്യത്തിന്റെയും ലഹരിവിരുദ്ധ സന്ദേശത്തിന്റെയും പ്രഖ്യാപനമായി മാറി. രണ്ടായിരത്തോളം വിദ്യാർത്ഥിനികൾ പങ്കെടുത്ത മാരത്തോൺ ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ ഫ്ലാഗ് ഓഫ് ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം അധ്യാപകൻ ഡോ. സ്റ്റാലിൻ റാഫേൽ , ഫെഡറൽ ബാങ്ക് ഇരിങ്ങാലക്കുട റീജിയണൽ ഹെഡ് വിനയചന്ദ്രൻ സി. എസ്, മുനിസിപ്പൽ കൗൺസിലർമാരായ പി. വി. ശിവകുമാർ, അഡ്വ. വി. സി വർഗീസ്, കോളേജ് ഓഫീസ് സൂപ്രണ്ട് ജ്യോതി. എ. ജെ, ഫെഡറൽ ബാങ്ക് ബ്രാഞ്ച് മേധാവി ജൂഡി ജോണി, കോളജ് യൂണിയൻ ചെയർപേഴ്സൺ അഫ്ല ,കായിക വിഭാഗം മേധാവി തുഷാര ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. ഇൻഡോർ സ്റ്റേഡിയത്തിൽ സൂംബ ഡാൻസ് മൽസരവും വീരനാട്യന്യത്തവും ഇതോടനുബന്ധിച്ച് അരങ്ങേറി.















