കാവടി പൂരമഹോത്സവം; ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെ അരങ്ങേറുന്നത് ശ്രദ്ധ നേടിയ ആറ് നാടകങ്ങൾ
ഇരിങ്ങാലക്കുട : ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെ ആഘോഷിക്കുന്ന വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തോടനുബന്ധിച്ച് എസ്എൻവൈഎസ് സംഘടിപ്പിക്കുന്ന 47-മത് അഖിലകേരള പ്രൊഫഷണൽ നാടകോൽസവത്തിൽ അരങ്ങേറുന്നത് ശ്രദ്ധ നേടിയ ആറ് നാടകങ്ങൾ. ജനുവരി 31 ന് രാത്രി 8.30 ന് തിരുവനന്തപുരം അജന്ത തീയേറ്റർ ഗ്രൂപ്പിൻ്റെ വംശം, ഫെബ്രുവരി 1 ന് രാത്രി 7.30 ന് കെപിഎസി യുടെ ഭഗവതി, ഫെബ്രുവരി 2 ന് രാത്രി 7.30 ന് ഗുരുവായൂർ ഗാന്ധാരയുടെ മഗധ , ഫെബ്രുവരി 3 ന് രാത്രി 7.30 ന് പത്തനാപുരം ഗാന്ധിഭവൻ തീയേറ്റർ ഇന്ത്യയുടെ ഗാന്ധി, ഫെബ്രുവരി 4 ന് രാത്രി 7.30 ന് കാളിദാസ കലാകേന്ദ്രത്തിൻ്റെ ശാകുന്തളം, ഫെബ്രുവരി 6 ന് രാത്രി 7.30 ന് കായംകുളം പീപ്പിൾസ് തീയറ്റേഴ്സിൻ്റെ അങ്ങാടിക്കുരുവികൾ എന്നിവ അരങ്ങേറുമെന്ന് എസ്എൻവൈഎസ് പ്രസിഡണ്ട് പ്രസൂൺ പ്രവി ചെറാക്കുളം, സെക്രട്ടറി അനീഷ് കെ യു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 31 ന് വൈകീട്ട് 7.30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നാടകോൽസവം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടൻ ഇർഷാദ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. ട്രഷറർ രാകേഷ് മണക്കുന്നത്ത്, ജോയിൻ്റ് സെക്രട്ടറി വിഷ്ണു കുണ്ടിൽ , എസ്എൻബിഎസ് സമാജം സെക്രട്ടറി വിശ്വംഭരൻ മുക്കുളം എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.















