ഭാരതീയ കലാരൂപങ്ങളെക്കുറിച്ചുള്ള പഠനവും ഗവേഷണവും ലക്ഷ്യമിട്ട് ഇരിങ്ങാലക്കുടയിൽ ജനുവരി 24 , 25, 26 തീയതികളിൽ രംഗകലാകോൺഫറൻസ് ഒരുങ്ങുന്നു
ഇരിങ്ങാലക്കുട : കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഭാരതീയകലാരൂപങ്ങളെക്കുറിച്ചുള്ള പഠനത്തിനും, ഗവേഷണത്തിനുമായി വർഷംതോറും രംഗകലാ കോൺഫറൻസ് എന്ന പേരിൽ അരങ്ങുകൾക്ക് രൂപം നല്കുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇന്ത്യൻ നോളജ് സിസ്റ്റം സെല്ലും ‘സർവ്വമംഗള’ എന്ന സാംസ്കാരിക സംഘടനയുമായി സഹകരിച്ചും ജനുവരി 24,25,26 തിയ്യതികളിൽ കോളേജ് ഓഡിറ്റോറിയത്തിൽ കാലത്ത് 9 മണി മുതൽ മുഴുദിന പരിപാടികളുമായിട്ടാണ് പ്രഥമ രംഗകലാ കോൺഫറൻസ് ഒരുക്കുന്നത്.ഒന്നാംദിനത്തിൽ മോഹിനിയാട്ടം രണ്ടാംദിനത്തിൽ കൂടിയാട്ടം, മൂന്നാംദിനത്തിൽ കഥകളിയേയും കേന്ദ്രീകരിച്ച്,സെമിനാർ, ചർച്ച, സോദാഹരണ പ്രഭാഷണം, രംഗാവതരണം എന്നീ ഘടനയിലാണ് പരിപാടിയെന്ന് കോളേജ് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ് , മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ , കഥകളി ക്ലബ് സെക്രട്ടറി രമേശൻ നമ്പീശൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. അന്തർദേശീയതലത്തിൽ അറിയപ്പെടുന്ന കലാകാരന്മാരും കലാപണ്ഡിതരും ഈ ത്രിദിന അരങ്ങിൽ പങ്കെടുക്കും. പ്രോഗ്രം ഡയറക്ടർ ശ്രീലക്ഷ്മി ഗോവർധനൻ , ഡോ ഇ വിനിത , പ്രൊഫ മൂവിഷ് മുരളി തുടങ്ങിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















