വൽസല ബാബു വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി വൽസല ബാബുവിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ബ്ലോക്ക് ഹാളിൽ നടന്ന യോഗത്തിൽ പുത്തൻചിറ നമ്പർ ആറ് ഡിവിഷനിൽ നിന്നുള്ള റോമി ബാബു എടക്കുളം ഡിവിഷൻ നമ്പർ രണ്ടിൽ നിന്നും ജയിച്ച വൽസല ബാബുവിനെ ബ്ലോക്ക് പ്രസിഡണ്ടായി നിർദ്ദേശിച്ചു. തുമ്പൂർ ഡിവിഷൻ നമ്പർ നാലിൽ നിന്നുള്ള കെ കെ ശിവൻ പിന്താങ്ങി. എതിർസ്ഥാനാർഥികൾ ഇല്ലാത്തതിനാൽ വൽസല ബാബു തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയും ജില്ലാ പട്ടികജാതി വികസന ഓഫീസറുമായ കെ സന്ധ്യ പ്രഖ്യാപിച്ചു. സിപിഎം എരിയ കമ്മിറ്റി അംഗം, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം , മഹിള അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ്, പൂമംഗലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, ആർദ്രം പാലീയേറ്റീവ് കെയർ അംഗം എന്നീ നിലകളിൽ വൽസല ബാബു പ്രവർത്തിച്ചിട്ടുണ്ട്.
14 അംഗ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിന് പന്ത്രണ്ടും യുഡിഎഫിന് രണ്ടും അംഗങ്ങളാണുള്ളത്.















