ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; പൂച്ചക്കുളം വാർഡിൽ റോഡുകളുടെ പുനർനിർമ്മാണവും കോടംകുളം സംരക്ഷണവും മുഖ്യവിഷയങ്ങൾ

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; പൂച്ചക്കുളം വാർഡിൽ ത്രികോണ മത്സരം ; പ്രധാന റോഡുകളുടെ പുനർനിർമ്മാണവും കോടംകുളം സംരക്ഷണവും മുഖ്യവിഷയങ്ങൾ

 

ഇരിങ്ങാലക്കുട : പട്ടണത്തിലെ പടിഞ്ഞാറൻ മേഖലയിൽ ഉൾപ്പെടുന്ന വാർഡാണ് പൂച്ചക്കുളം വാർഡ് ( നമ്പർ 24) .പടിയൂർ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന വാർഡിൽ ദീർഘകാലമായി യുഡിഎഫ് ആധിപത്യമാണ്.

വാർഡ് നിലനിറുത്താൻ അംഗൻവാടി ഹെൽപ്പറായി പ്രവർത്തിക്കുന്ന ബിന്ദു വിനയനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ യുഡിഎഫ് പ്രതിനിധികൾ തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും തകർന്ന് കിടക്കുന്ന ചേലൂർ – കണ്ഠേശ്വര്യം റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും യുഡിഎഫ് സ്ഥാനാർഥി പറയുന്നു.

പത്രപ്രവർത്തനത്തിൽ ബിരുദാനന്തരബിരുദമുള്ള റോഷ്നി വിജയകുമാറണ് എൽഡിഎഫ് സ്ഥാനാർഥി. വാർഡിലെ റോഡുകൾ സഞ്ചാരയോഗ്യമല്ലെന്നും കെഎസ്ആർടിസി – അമേരിക്കൻ കെട്ട് റോഡ് ഇതിൻ്റെ ഉദാഹരണമാണെന്നും ഇരുചക്ര വാഹനങ്ങളിൽ ജോലിക്ക് പോകാൻ സ്ത്രീകൾ മടിക്കുകയാണെന്നും ജലസ്രോതസ്സായ കോതകുളം വ്യത്തിയാക്കി സംരക്ഷിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സ്ഥാനാർഥി ചൂണ്ടിക്കാണിക്കുന്നു.

2015 , 2020 വർഷങ്ങളിൽ കലാനിലയം, കണ്‌ഠേശ്വരം വാർഡുകളിലെ പ്രതിനിധീകരിച്ച ബിജെപി കൗൺസിലർ അമ്പിളി ജയനെയാണ് എൻഡിഎ കളത്തിലിറക്കിയിരിക്കുന്നത്. കണ്‌ഠേശ്വരം വാർഡിൽ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് വെൽനെസ്സ് സെൻ്റർ ആരംഭിച്ചത് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി മൽസരിക്കുന്ന സ്ഥാനാർഥി തകർന്ന് കിടക്കുന്ന കണ്ഠേശ്വരം -പൂച്ചക്കുളം ഉൾപ്പെടെയുള്ള റോഡുകൾ പുനർനിർമ്മിക്കുമെന്നും കേന്ദ്രഫണ്ട് ഉപയോഗിച്ച് ഒന്നര ഏക്കർ വിസ്ത്യതിയുള്ള കോതംകുളം വൃത്തിയാക്കി സംരക്ഷിക്കാനും ഓപ്പൺ ജിം ഉൾപ്പെടെ സ്ഥാപിക്കാനും അംഗൻവാടി വികസിപ്പിക്കാനും നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്നു. അംഗൻവാടികളും ക്ഷേത്രങ്ങളുമെല്ലാം ഉൾപ്പെടുന്ന വാർഡിൽ 1130 ഓളം വോട്ടർമാരാണുള്ളത്. മൂന്ന് റൗണ്ട് പ്രചരണവും പൂർത്തി യാക്കിയ സ്ഥാനാർഥികൾ തികഞ്ഞ ആത്മവിശ്വാസത്തിലാണിപ്പോൾ.

Please follow and like us: