ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; വാർഡ് 21 ൽ ത്രികോണമൽസരം

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; വാർഡ് 21 ൽ വീറുറ്റ ത്രികോണമൽസരം ; തകർന്ന് കിടക്കുന്ന സോൾവെൻ്റ് വെസ്റ്റ് റോഡ് പ്രധാന വിഷയം

 

ഇരിങ്ങാലക്കുട : പട്ടണത്തോട് ചേർന്ന് കിടക്കുന്ന വാർഡാണ് നഗരസഭയിലെ ചേലൂർ വാർഡ് (നമ്പർ 21) . പൂമംഗലം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന വാർഡ് കൂടിയാണിത്. മുൻചെയർപേഴ്സനും യുഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡറുമായിരുന്ന സോണിയ ഗിരി പ്രതിനിധീകരിച്ച വാർഡ് എന്ന സവിശേഷതയുമുണ്ട്. കൗൺസിലറുടെ ഭരണത്തിലുള്ള സ്വാധീനത്തിൻ്റെ ഗുണം വാർഡിന് കിട്ടിയോ എന്ന ചിന്തയാണ് വാർഡിലെ പ്രധാന റോഡുകളിൽ ഒന്നായ സോൾവെൻ്റ് വെസ്റ്റ് റോഡിലൂടെയുടെയുള്ള യാത്ര ഉണർത്തുക. ടൗണിൽ നിന്നും പൂമംഗലം പഞ്ചായത്തിലേക്കുള്ള ഈ ലിങ്ക് റോഡിൻ്റെ അവസ്ഥ ദാരുണം.

നിലവിലെ ഭരണസമിതി അംഗമായ കെ എം സന്തോഷിനെയാണ് യുഡിഎഫ് ചേലൂർ വാർഡിൻ്റെ പ്രതിനിധിയാകാൻ രംഗത്ത് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ പ്രതിനിധീകരിച്ച പൂച്ചക്കുളം വാർഡിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ആത്മവിശ്വാസത്തോടെയാണ് കെ എം സന്തോഷ് വോട്ടർമാരെ സമീപിക്കുന്നത്. തകർന്ന് കിടക്കുന്ന സോൾവെൻ്റ് വെസ്റ്റ് റോഡ് പുനർനിർമ്മിക്കാനും വാർഡിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനും മുൻനിരയിൽ ഉണ്ടാകുമെന്ന് എസ്എൻഡിപി, റെസിഡൻ്റ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ഉറപ്പിച്ച് പറയുന്നു.

എഐവൈഎഫ് മണ്ഡലം പ്രസിഡൻ്റ്, സിപിഐ ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സിപിഐ ടൗൺ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം കെ എസ് പ്രസാദിനെയാണ് നഷ്ടപ്പെട്ട വാർഡ് പിടിച്ചെടുക്കാൻ എൽഡിഎഫ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷം വാർഡിൽ എന്ത് ചെയ്തുവെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്ന് 2015-20 കാലഘട്ടത്തിൽ അന്നത്തെ എൽഡിഎഫ് കൗൺസിലറുടെ നേതൃത്വത്തിൽ നടത്തിയ ഹൈടെക്ക് അംഗൻവാടി , കാട്ടിക്കുളം നവീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പ്രസാദ് വോട്ടർമാരുടെ മുമ്പിൽ അവതരിപ്പിക്കുന്നുണ്ട്. തകർന്ന് കിടക്കുന്ന റോഡുകൾ പുനർനിർമ്മിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പറയുന്നു.

യുവജന സംഘടനകളിലെ പ്രവർത്തന പാരമ്പര്യം കൈമുതലായുള്ള കെ ജി വിനോദാണ് ബിജെപി സ്ഥാനാർഥി. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വാർഡ് വളരെ പുറകിലാണെന്നും വാർഡിലെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ ആരുമില്ലാത്ത അവസ്ഥ ആയിരുന്നുവെന്നും വെസ്റ്റ് റോഡിലൂടെ ഒരു ഇരുചക്രവാഹന യാത്ര പോലും സാധ്യമല്ലെന്നും കോപ്പുള്ളി റോഡ് ഉൾപ്പെടെയുള്ള റോഡുകൾ പുനർനിർമ്മിക്കാനും വാർഡിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ കഴിയുന്ന കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇടപെടുമെന്നും ബിജെപി സ്ഥാനാർഥി ഉറപ്പിച്ച് പറയുന്നു.

കെഎസ്ഇ കമ്പനിയും അംഗൻവാടികളും ചേലൂക്കാവ് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളും ചേലൂർ വാർഡിലാണുള്ളത്. 1100 വോട്ടർമാരാണ് വാർഡിൽ ഉള്ളത്. ശക്തമായ മൽസരം തന്നെയാണ് വാർഡിൽ അരങ്ങേറുന്നത്.

Please follow and like us: