ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ് ; കൂടൽമാണിക്യം വാർഡിൽ പരിചയസമ്പന്നരുടെ പോരാട്ടം; ചർച്ചകളിൽ നിറഞ്ഞ് മഹാത്മാ പാർക്കും റോഡുകളുടെ വികസനവും
ഇരിങ്ങാലക്കുട : എറെ പ്രധാന്യമുള്ള കൂടൽമാണിക്യം വാർഡിൽ ( നമ്പർ 28) ഇക്കുറി ശക്തമായ ത്രികോണമൽസരമാണ്. കളത്തിലുള്ളത് പരിചയസമ്പന്നരും. കൂടൽമാണിക്യം ക്ഷേത്രത്തിന് പുറമേ നവോത്ഥാന പോരാട്ടങ്ങളുടെ അടയാളയമായ കുട്ടംകുളവും എംജി ലൈബ്രറിയും മഹാത്മാ പാർക്കും നാഷണൽ യുപി സ്കൂളും പിഡബ്യു ഓഫീസുകളും വാർഡിൻ്റെ പരിധിയിലാണ് വരുന്നത്.
പതിനഞ്ച് വർഷങ്ങളായി കൂടൽമാണിക്യം വാർഡിൽ വിരിയുന്നത് താമര . വാർഡ് നിലനിറുത്താൻ സിറ്റിംഗ് കൗൺസിലർ സ്മിത കൃഷ്ണകുമാറിനെ തന്നെയാണ് ബിജെപി നിയോഗിച്ചിട്ടുള്ളത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപയുടെ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് മഹാത്മാ പാർക്ക് നവീകരണം, അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 50 വീട്ടുകാർക്ക് കുടിവെള്ള കണക്ഷൻ, വിവിധ റോഡുകളുടെ റീടാറിംഗ് തുടങ്ങി വാർഡിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ പട്ടികയുമായിട്ടാണ് സ്ഥാനാർഥി രണ്ടാമൂഴം തേടുന്നത്.
വാർഡിലെ സമവാക്യങ്ങൾ മാറ്റിയെഴുതാൻ 2005- 2010, 2010 – 2015 കാലഘട്ടങ്ങളിൽ കൗൺസിലറും വികസന, പൊതുമരാമരത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന കെ എൻ ഗിരീഷിനെയാണ് യുഡിഎഫ് കളത്തിൽ ഇറക്കിയിരിക്കുന്നത്. വാർഡിലെ റോഡുകളോടുള്ള അവഗണനയും പ്രൗഡമായ ചരിത്രമുള്ള കളിയിടമായിരുന്ന മഹാത്മാ പാർക്ക് കഴിഞ്ഞ 15 വർഷങ്ങളായി നേരിട്ട അവഗണനയുമെല്ലാം യുഡിഎഫ് ചർച്ചാ വിഷയമാക്കുന്നുണ്ട്.
കർഷക സംഘം മുൻ വൈസ് പ്രസിഡൻ്റ്, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി, മെഡിക്കൽ കോളേജ് ഹൃദയപൂർവം പദ്ധതി , രക്തദാന സെൽ കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള എം ആർ ശരത്തിനെയാണ് വാർഡിൽ പുതുചരിത്രം രചിക്കാൻ എൽഡിഎഫ് അവതരിപ്പിച്ചിട്ടുള്ളത്. മാലിന്യ നിക്ഷേപ കേന്ദ്രമായി കഴിഞ്ഞ വർഷങ്ങളിൽ മാറിയ മഹാത്മ പാർക്കിൻ്റെയും നഗരത്തിലെ റോഡുകളുടെ അവസ്ഥയും ചൂണ്ടിക്കാണിക്കുന്ന സ്ഥാനാർഥി മണ്ണാത്തിക്കുളം നവീകരിക്കാനും തെരുവുനായ ശല്യം പരിഹരിക്കാനും വയോജനങ്ങൾക്കുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്താനും നടപടികൾ സ്വീകരിക്കുമെന്ന് വോട്ടർമാർക്ക് ഉറപ്പ് നൽകുന്നുണ്ട്.
ഓരോ വോട്ടും നേരിട്ടും അല്ലാതെയും ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് സ്ഥാനാർഥികൾ. 1100 ഓളം വോട്ടർമാരാണ് വാർഡിലുള്ളത്.















